Home » ന്യൂസ് & വ്യൂസ് » ‘മണ്ണാംകട്ടയും കരിയിലയും ഒന്നാവും’: ജെ ദേവികയുടെ ഒരു തുറന്ന കത്ത്

‘മണ്ണാംകട്ടയും കരിയിലയും ഒന്നാവും’: ജെ ദേവികയുടെ ഒരു തുറന്ന കത്ത്

മാനവ-അമാനവസംഗമവക്താക്കൾ ഒരുപോലെ ഭയപ്പെടുന്ന വ്യക്തിയായി ഷഫീഖ് സുബൈദ ഹക്കീം മാറിയതെങ്ങനെയെന്നു പറയുന്നു ജെ ദേവിക

പ്രിയ ഷഫീക്ക്,

ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പു കണ്ടപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു കത്ത് എഴുതണമെന്നു തോന്നി. സത്യത്തിൽ ഈ ലക്കം ആദ്യം മറിച്ചുനോക്കിയപ്പോൾ പത്രമിടുന്നയാൾക്ക് തെറ്റുപറ്റി ദേശാഭിമാനി വാരിക കൊണ്ടിട്ടോ എന്നു സംശയിച്ചു പോയി. എന്നാൽ സാവധാനം വായിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി – ഈ ലക്കത്തിലെ താരം മറ്റാരുമല്ല, താങ്കൾ തന്നെ. പച്ചയ്ക്കങ്ങു പറഞ്ഞില്ലെങ്കിലും ഇന്ന് മാനവ-അമാനവസംഗമവക്താക്കൾ ഒരുപോലെ ഭയപ്പെടുന്ന വ്യക്തി ഷഫീക്കാണ്.

അത് നല്ലതോ എന്നെനിക്ക് തിട്ടമില്ല, പക്ഷേ എന്തായാലും ചീത്തയല്ല. അവിടെയും ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. മാനവസംഗമപ്രവർത്തകർ നിങ്ങളുയർത്തിയ പ്രതിഷേധത്തെ മറച്ചുകളയുകയോ അമാനവരുടെ വശത്തേയ്ക്ക് പരോക്ഷമായി തള്ളുകയോ ചെയ്തപ്പോൾ അമാനവസംഗമപ്രമുഖൻ താങ്കളെ തിരിച്ചറിവു കുറഞ്ഞ ഒരു പാവമാക്കി. അഭിനന്ദനങ്ങൾ. നാം ജീവിക്കുന്ന ഈ കാലങ്ങളിൽ സർവ്വസമ്മതരാകുന്നതല്ല രാഷ്ട്രീയസർഗ്ഗാത്മകതയുടെ ലക്ഷണം. വിഷമപ്രശ്നങ്ങൾ ഉന്നയിക്കാനുള്ള കഴിവാണ് അതിനാവശ്യം. അതുള്ളതുകൊണ്ടാണ് നിങ്ങളെ പലവിധത്തിൽ പുറന്തള്ളാൻ മാനവരും അമാനവരും ഇത്ര തിടുക്കപ്പെടുന്നത്.

എ എം ഷിനാസും എൻ പി ജോൺസണും കെ കെ ബാബുരാജും തമ്മിലുള്ള വ്യത്യാസങ്ങളെ അവഗണിക്കുന്നില്ല. ഷിനാസ് ക്രിസ്റ്റഫർ ഹിച്ചൻസിൻറെ നാടൻ പതിപ്പായാണ് ആഴ്ചപ്പതിപ്പിൽ അവതരിച്ചിരിക്കുന്നതെങ്കിൽ (ഐജാസ് അഹമ്മദ് പറഞ്ഞതുകൊണ്ടു മാത്രം ഇസ്ലാമോഫാസിസം എന്ന പദത്തിൻറെ അർത്ഥസൂചനകൾ നിരുപദ്രവകരമാകുന്നില്ല) ജോൺസൺ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ സാഹചര്യങ്ങളിൽ സ്ത്രീവിമോചനദൌത്യമേറ്റെടുത്ത കേരളീയനായ പുരുഷ സാമൂഹ്യപരിഷ്ക്കർത്താവാണ്. ബാബുരാജാകട്ടെ, ഇവരുടെ ബദ്ധവൈരിയായാണ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ പക്ഷേ മൂന്നുപേർക്കും ഒരുപോലെ ശല്യക്കാരനാണ്.

ഈ മൂന്നു ബുദ്ധിജീവികളും ഇരുപതാം നൂറ്റാണ്ടിലെ മലയാളപുരുഷബുദ്ധിജീവിയുടെ പല സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്നുവെന്നും വ്യക്തം. ഫാസിസത്തെ ഇരപിടിയൻ-ശിങ്കിടി മുതലാളിത്തത്തോടും ന്യൂനപക്ഷ മതസ്വത്വങ്ങളോടും കീഴ്ജാതിസ്വത്വങ്ങളോടും അവർക്കിഷ്ടമില്ലാത്ത മിക്കതിനോടും, കാര്യമായ സാധൂകരണമൊന്നും കൂടാതെ ബന്ധിപ്പിക്കുന്നൂ മാനവപക്ഷക്കാർ. ഈ പ്രതിഭാസങ്ങളെക്കുറിച്ച് ഇന്ന് നിലവിലുള്ള അതിബൃഹത്തായ പഠനസാഹിത്യത്തെ ആഴത്തിൽ സ്പർശിക്കാൻ മെനെക്കെടാതെ, മറുപക്ഷത്തെ ലളിതവത്കൃത കോമാളിഛായകളാക്കി താഴ്ത്തുന്നതിൽ ലേശവും മടി കാട്ടാതെ, തങ്ങളുടെ ബോദ്ധ്യങ്ങൾ വായനക്കാരുടെ മുന്നിൽ വീശിയെറിയുന്നൂ അവർ. ചുംബനസമരത്തിലെ അസൌകര്യകരമായ വിശദാംശങ്ങളെയും ശബ്ദങ്ങളെയും പച്ചയ്ക്കു തന്നെ ഒഴിവാക്കി തനിക്കുതകുന്ന വിധത്തിൽ ആ സമരത്തിൻറെ ചിത്രം ചമയ്ക്കാൻ മറ്റൊരാൾക്ക് തെല്ലും മടിയില്ല. തങ്ങളുടെ ആന്തരിക’പരിശുദ്ധി’യെ ചോദ്യം ചെയ്യാനിടയുള്ള ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശാഠ്യവും ഇരുകൂട്ടരിലും ഒരുപോലെ ശക്തം തന്നെ. വളരെ തയ്യാറെടുപ്പുകളൊന്നും കൂടാതെ തങ്ങളുടെ ബൌദ്ധിക ‘ഭീരങ്കികൾ’ നിറയൊഴിച്ച് സർവ്വരേയും വിറപ്പിക്കാൻ ഇവർക്ക് കഴിയുന്നതിനു പിന്നിൽ ആ മലയാളി (ആൺ) റാഡിക്കൽ ജീനിയസ് അവബോധം തന്നയല്ലേ എന്നു സംശയിച്ചു പോകുന്നു. അത്തരം തയ്യാറെടുപ്പു നടത്തിയിരുന്നെങ്കിൽ ഫാസിസത്തെയും മതത്തെയും സ്വാതന്ത്ര്യത്തെയും അങ്ങനെ പലതിനെയും പറ്റി ഇവർ നടത്തുന്ന ലളിതപ്രസ്താവങ്ങൾ ഇവരുടെ ഉള്ളിൽത്തന്നെ ജന്മമെടുക്കില്ലായിരുന്നു.

ഉദാരവാദചിന്തയുടെ ഉച്ചകോടിയിൽ പിറന്ന പിതൃമേധാവിത്വപരമായ ആശയമാണ് ‘പ്രതിഭാശാലി’ എന്നത്. ഗവേഷണപരമായ തയ്യാറെടുപ്പുകൾ കൂടാതെ (അല്ലെങ്കിൽ തങ്ങൾക്ക് സൌകര്യപ്രദമായ പഠനസാഹിത്യത്തെ മാത്രം ആശ്രയിച്ച്, മറ്റുള്ളവയെ ന്യായമായ രീതിയിൽ അഭിസംബോധന ചെയ്യാൻ കൂട്ടാക്കാതെ) ‘ഉൾ-കാഴ്ചകൾ’ തട്ടിവിടുന്ന മലയാളിപുരുഷപൊതുബുദ്ധിജീവികൾ അവലംബിക്കുന്നത് ആ പഴയ ജീനിയസ് മാതൃകയെത്തന്നെ. ലിബറലിസത്തെയും വ്യക്തിവാദത്തെയും വാതോരാതെ അപലപിക്കുന്ന ബാബുരാജു പോലും ജീനിയസ്നാട്യം ബലമായിപിടിച്ചിരിക്കുന്നതുകൊണ്ടാണ് ദലിത് ഫെമിനിസ്റ്റുകളുടെ ഇടപെടലുകളെ പരിഗണിക്കാൻ അദ്ദേഹത്തിനു കഴിയാത്തത്. രേഖാ രാജിൻറെ പേരു പോലും ഓർക്കാൻ അദ്ദേഹത്തിനു കഴിയാതെപോകുന്നതും അതുകൊണ്ടുതന്നെ.

ഷഫീഖ് സുബൈദ ഹക്കീം

ഷഫീഖ് സുബൈദ ഹക്കീം

ഹിന്ദുത്വഫാസിസത്തിൻറെ സദാചാരവും നവ ഇസ്ലാമികസദാചാരവും എല്ലാം ഒന്നുതന്നെയെന്ന് മാനവപക്ഷത്തിന് തീർച്ചയാണ്. എന്നാൽ അമാനവപക്ഷത്തു നിലയുറപ്പിച്ച ബാബുരാജ് പോലും പരോക്ഷമായി ഈ നിലപാടല്ലേ സ്വീകരിക്കുന്നതെന്ന് ഞാൻ സംശയിക്കുന്നു. ചുംബനസമരം പൊതുവേ ‘സദാചാര’ത്തിനെതിരെയായിരുന്നെന്ന് അദ്ദേഹം ശഠിക്കുന്നത് വസ്തുതാപരമായിപ്പോലും ശരിയല്ല. ലൈംഗികധാർമ്മികത അനാവശ്യമാണെന്നല്ല, മറിച്ച് ബ്രാഹ്മണഹിന്ദുത്വസദാചാരസമ്മർദ്ദത്തെ ചെറുക്കണമെന്നും കൂടുതൽ ജനാധിപത്യപരമായ രീതിയിൽ ലൈംഗികധാർമ്മികതയെ പുന:സൃഷ്ടിക്കണമെന്നുമാണ് ചുംബനസമരങ്ങൾ ആവശ്യപ്പെട്ടത്. ഏതെങ്കിലും സദാചാരം അനീതിപൂർവിവമാണെന്നു പറഞ്ഞാൽ യാതൊരുവിധ ധാർമ്മികതയും ആവശ്യമില്ല എന്ന് അർത്ഥമാകുന്നില്ല. സദാചാരത്തെ തിരുത്തിയെഴുതാൻ ചരിത്രത്തിൽ നടന്ന സമരങ്ങളെ മുഴുവൻ സദാചാരവിരുദ്ധസമരങ്ങളായി ചിത്രീകരിച്ച് വ്യവസ്ഥാപിതസദാചാരഭീതികളെ ഇളക്കിവിടുക എന്നത് പണ്ടുപണ്ടേ ഉള്ള കാരണവതന്ത്രങ്ങളിലൊന്നാണ് – അതാണ് ബാബുരാജ് പ്രയോഗിച്ചത്.

എങ്കിലും സദാചാരമെന്ന് താനെന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ബാബുരാജ് മെനക്കെടുന്നില്ല. നമുക്കറിയാം, ആ സമരം വിമർശിച്ചതു മുഴുവൻ കേരളത്തിലിന്ന് അധീശത്വം കൈയാളുന്ന ബ്രാഹ്മണസദാചാരമൂല്യവ്യവസ്ഥയെ ആണ്. എൻറെ പരിമിതമായ വായനയിൽ ഇസ്ലാമികസദാചാരത്തെ, അല്ലെങ്കിൽ ഇസ്ലാമികസദാചാരത്തിൻറെ സാദ്ധ്യതകളെ, ബ്രാഹ്മണസദാചാരമൂല്യങ്ങളിലേക്കു ചുരുക്കാൻ കഴിയില്ലെന്നാണ് കാണുന്നത്. ഉദാഹരണത്തിന് ഇസ്ലാം ലൈംഗികാനന്ദത്തെ വെറുക്കുന്നില്ല. കുടുംബകാര്യങ്ങളിൽ സ്നേഹത്തിനു കല്പിക്കുന്ന അതേ പ്രാധാന്യം നീതിയ്ക്കും കല്പിക്കുന്നു. വിവാഹത്തെ അനാവശ്യമായി പവിത്രീകരിക്കുന്നില്ല. പുരുഷാധികാരപരമായ വായനകൾക്കാണ്, അവിടെ മുൻതൂക്കമെന്ന് സമ്മതിക്കാം, പക്ഷേ ബ്രാഹ്മണസദാചാരവും എക്കാലത്തും ആവിധം തന്നെയായിരുന്നു. ബ്രാഹ്മണസദാചാരത്തിനില്ലാത്ത സാദ്ധ്യതകൾ ഇസ്ലാമികലൈംഗികധാർമ്മികതയ്ക്കുണ്ടായേക്കാം എന്നതുകൊണ്ടുതന്നെ അതിനെ ബ്രാഹ്മണസദാചാരത്തിലേക്ക് ചുരുക്കുന്നത് തീരെ ആശാസ്യമല്ല.

ഒന്നുകിൽ ബാബുരാജിന് അതു കാണാൻ താത്പര്യമില്ല; അല്ലെങ്കിൽ ഇന്ന് കേരളത്തിലെ നവ ഇസ്ലാംപക്ഷങ്ങൾ ഉന്നയിക്കുന്ന ലൈംഗികധാർമ്മികതയും ഹിന്ദുത്വ-ബ്രാഹ്മണലൈംഗികധാർമ്മികതയും മൂർത്തരൂപത്തിൽ ഒന്നുതന്നെ എന്നദ്ദേഹം സൂചിപ്പിക്കുന്നു! ഇസ്ലാംലൈംഗികാനന്ദത്തെ വെറുക്കാത്തതുകൊണ്ട് ചുംബനസമരക്കാരുന്നയിച്ച പുതിയ ലൈംഗികധാർമ്മികതയോട് അതിനാണ് (അതിൻറെ പുരുഷാധികാരവ്യാഖ്യാനങ്ങളെ കണക്കിലെടുത്താൽ പോലും) കൂടുതൽ അടുപ്പം.അത്തരം സംവാദങ്ങൾ ഉണ്ടാകാതെ ബ്രാഹ്മണസദാചാരത്തെ സംരക്ഷിച്ചുനിർത്തി എന്നതാണ് ചുംബനസമരവിരുദ്ധപ്രചരണത്തിലൂടെ ബാബുരാജ് നടത്തിയ ചരിത്രസംഭാവന. എന്തായാലും ഇക്കാര്യത്തിൽ ഈ മൂന്നു ബുദ്ധിജീവികളും പ്രത്യക്ഷമോ പരോക്ഷമോ ആയ നിലകളിൽ ഒറ്റക്കെട്ടാണ്.

ആധുനികസ്വാതന്ത്ര്യങ്ങളെ പറ്റി, വിശേഷിച്ചും ലിംഗതുല്യത, ലൈംഗികതെരെഞ്ഞെടുപ്പുകൾ എന്നിവയെപ്പറ്റി, സംശയാലുക്കളായ മതവിഭാഗങ്ങളെ  ആക്രമിച്ചാൽ മതി, അതു ഫാസിസ്റ്റ് വിരുദ്ധപ്പോരാട്ടമായിക്കൊള്ളുമെന്നു ധരിക്കുന്നവരും, യാഥാസ്ഥിതികസദാചാരത്തെ ആക്രമിച്ചാൽ അത് ഫാസിസത്തിനു വഴിയൊരുക്കും എന്ന് ആണയിടുന്നവരും തമ്മിലുള്ള ഈ കടിപിടിയെപ്പറ്റി എന്തു പറയാനാണ്?

മണ്ണാങ്കട്ട ഒലിച്ചു പോകും, കരിയില പൊടിഞ്ഞു പോകും. ഒടുവിൽ അവ ഒന്നുതന്നെയായിത്തീരും.

നിങ്ങൾ രണ്ടിനെയും ഭയക്കേണ്ട കാര്യമില്ല. സധൈര്യം മുന്നോട്ടു പോവുക. അഭിവാദ്യങ്ങൾ!

ജെ ദേവിക

(കടപ്പാട്: www.kafila.org)

Leave a Reply