നഗരപാത വികസനത്തിന്റെ രണ്ടാംഘട്ട പദ്ധതിയ്ക്ക് തുടക്കമാകുന്നു. സംസ്ഥാന ബജറ്റില്‍ പദ്ധതി പരാമര്ശിക്കാതെപോയപ്പോള് എ. പ്രദീപ് കുമാര്‍ എംഎല്‍എ നല്കിയ കത്തിനെത്തുടര്‍ന്നാണ് ഇന്നലെ 100 കോടി ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തിയത്. രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കുന്ന ആറു റോഡുകള്‍ക്കായി സ്ഥലമേറ്റെടുപ്പടക്കമുള്ള നടപടികള്‍ ഇനി ആരംഭിക്കാനാകും. തുകയില്‍ 20% ശതമാനം ടോക്കണ്തുകയായി ഇപ്പോള്‍ത്തന്നെ ലഭ്യമാക്കും. ഇതുപയോഗിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കും.
നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി 571 കോടിയുടെ എസ്റ്റിമേറ്റാണ് റോഡ് ഫണ്ട് ബോര്‍ഡ് നേരത്തെ സമര്‍പ്പിച്ചത്. ഏഴുകിലോമീറ്റര്‍ വരുന്ന മാനാഞ്ചിറ- പാവങ്ങാട് റോഡുള്‍പ്പെടെ ആറു റോഡുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പിന് ഇന്നത്തെ വിലയനുസരിച്ചാണ് തുക കണക്കാക്കിയിരിക്കുന്നത്. ഡയറക്ട് പര്‍ച്ചേസ് മാതൃകയിലുള്ള സ്ഥലമെടുപ്പായിരിക്കും പരിഗണിക്കുക. മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസ് മുതല്‍ പാവങ്ങാട് വരെ വികസിപ്പിക്കുന്ന കണ്ണൂര്‍ റോഡിനാണ് ഏറ്റവും കൂടുതല്‍ തുക കണക്കുകൂട്ടിയിരിക്കുന്നത്.
24 മീറ്ററായി വികസിപ്പിക്കുന്ന റോഡിന് സ്ഥലമേറ്റെടുക്കാന്‍ 324 കോടിരൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയങ്ങാടി -തണ്ണീര്‍പന്തല്‍ റോഡിനുള്ള സ്ഥലമേറ്റെടുപ്പിന് 118 കോടി, കരിക്കാംകുളം- സിവില്സ്റ്റേഷന്- കോട്ടൂളി റോഡിന് 62 കോടി, മൂഴിക്കല്‍ – കാളാഞ്ചിത്താഴം റോഡിന് 21 കോടി, കോവൂര്‍ – മെഡിക്കല്‍കോളജ്- മുണ്ടിക്കല്‍ത്താഴം റോഡിന് 37 കോടി, ഭട്ട് റോഡ്വെസ്റ്റ്ഹില് ചുങ്കം റോഡിന് ഒന്‍പത് കോടി എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഭട്ട് റോഡ് – കോതി റോഡിനുള്ള സ്ഥലമേറ്റെടുപ്പ് ഏകദേശം പൂര്‍ത്തിയായതിനാല്‍ അതിനുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ കോവൂര്‍ – മെഡിക്കല്‍കോളജ്- മുണ്ടിക്കല്‍ത്താഴം റോഡ് വികസിപ്പിക്കുന്നത് 18 മീറ്റര്‍ വീതിയിലായിരിക്കും. കണ്ണൂര്‍ റോഡൊഴികെ ബാക്കിയുള്ളയ്ക്ക് 12 മീറ്റര്‍ വീതിയായിരിക്കും.
നിലവില്‍ നഗരപാതാ വികസനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന കണ്ണൂര്‍ റോഡിനെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പ്രദീപ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിലുള്പ്പെടുത്തിയത്. നഗരപാത വികസന പദ്ധതിയുടെ ആദ്യഘട്ടത്തിനൊപ്പം 2008ല്‍ തന്നെ ഈ റോഡുകളുടെയും വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കിയിരുന്നു. എങ്കിലും പദ്ധതി നടപ്പാക്കുമ്പോള്‍ നിര്മാണച്ചെലവിലുള്ള വ്യത്യാസമനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവരും. കണ്ണൂര്‍ റോഡിന്റെ വികസനത്തിനായുള്ള ഡിപിആര്‍ ഇനി തയാറാക്കേണ്ടതുണ്ട്.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്പ്പെട്ട ആറു റോഡുകളുടെ വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏപ്രിലില്‍ത്തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് റോഡ് ഫണ്ട് ബോര്‍ഡും കരാറുകാരായ യുഎല്‍സിസിഎസും പരിശ്രമിക്കുന്നത്. ഇതുകൂടാതെ ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിനായി സ്ഥലം വിട്ടുനല്കുന്നവര്ക്കുള്ള നഷ്ടപരിഹാരം കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണ്