മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിനടിച്ചോടിച്ച സംഭവം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി. എറണാംകുളം സെന്‍ട്രല്‍ എസ്ഐ.യെ സസ്പെന്‍ഡ് ചെയ്തു. എട്ട് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
മറൈന്‍ ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്ന ബാനറുമായെത്തി ഇരുപതോളം ശിവസേനാ പ്രവര്‍ത്തകരാണ് മറൈന്‍ ഡ്രൈവ് നടപ്പാതയില്‍ സദാചാര ഗുണ്ടായിസം നടത്തിയത്. കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും ചൂരല്‍ ചുഴറ്റിയും യുവതീയുവാക്കളെ വിരട്ടിയോടിച്ചത് സെന്‍ട്രല്‍ എസ്ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ്. എന്നാല്‍, പൊലീസ് ഇടപെട്ടില്ല. മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. കയ്യില്‍ ചൂരലും പിടിച്ച് പ്രകടനം വരുന്നതു കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല.
സംഭവത്തില്‍ ആറ് ശിവസേനാ പ്രവര്‍ത്തകരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടി. ആര്. ദേവന്, കെ.വൈ. കുഞ്ഞുമോന്, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്. ലെനിന്, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്ന് സെന്‍ട്രല്‍ അസി. കമ്മീഷണര്‍ കെ. ലാല്‍ജി പറഞ്ഞു.
ഏതാനും ദിവസം മുന്‍പ് ഇത്തരത്തില്‍ ഒരുമിച്ചിരിക്കുന്നവര്ക്ക് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍പ് ചുംബന സമരം ഉണ്ടായപ്പോഴും ചൂരലുകളുമായി യുവതിയുവാക്കളെ മര്‍ദിക്കാന്‍ ശിവസേന എത്തിയിരുന്നു. കൂടുതല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ശിവസേന കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജാഥയായി എത്തിയ ശേഷമായിരുന്നു ഗുണ്ടായിസം. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുക. മറൈന്‍ ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നാണ് ബാനറില്‍ എഴുതിയിരുന്നത്.
ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഇന്ന് ‘സ്നേഹ ഇരിപ്പു സമരം’ നടത്തും. രാവിലെ 10 മണിക്കാണ് സമരം. സദാചാര ഗുണ്ടായിസത്തിനെതിരെ ഇതേ സ്ഥലത്ത് ‘ചുംബന സമരം’ നടത്തി ശ്രദ്ധ നേടിയ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്ന് വൈകിട്ടും അരങ്ങേറും.