Home » നമ്മുടെ കോഴിക്കോട് » പേരാമ്പ്രയുടെ സിനിമ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നു; മൾട്ടിപ്ളെക്സ് തീയറ്റർ നിർമാണം പരിഗണനയിൽ

പേരാമ്പ്രയുടെ സിനിമ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നു; മൾട്ടിപ്ളെക്സ് തീയറ്റർ നിർമാണം പരിഗണനയിൽ

സര്‍ക്കാര്‍ മേഖലയില്‍ പേരാമ്പ്രയില്‍ ആധുനിക സിനിമാ സമുച്ചയം നിര്‍മിക്കുന്നത് പരിഗണനയില്‍. കെ.എസ്.എഫ്.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ മള്‍ട്ടിപ്ലക്സ് സിനിമാതിയേറ്റര്‍ നിര്‍മിക്കാനാണ് പദ്ധതി. പേരാമ്പ്ര -ചാനിയംകടവ് -വടകര റോഡില്‍ ജലസേചന വിഭാഗത്തിന്റെ ക്വാര്‍ട്ടേഴ്സ് നിലനില്‍ക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തുന്നാണ് ആലോചന. 75 സെന്റ് സ്ഥലത്ത് 200 സീറ്റ് വീതമുള്ള രണ്ടു തിയേറ്ററാണ് നിര്‍മിക്കുക. ഫുഡ്കോര്‍ട്ടും വിനോദ സൗകര്യങ്ങളും ഉള്‍പ്പെടുന്നതാകും കോംപ്ലക്സ്.

കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഓഫീസ് കോമ്പൗണ്ടില്‍ വിശാലമായ സ്ഥലമാണ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. നേരത്തേയുണ്ടാക്കിയ ക്വാര്‍ട്ടേഴ്സുകള്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ ശോച്യാവസ്ഥയിലാണ്. സ്ഥലം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ നിര്‍മിക്കാന്‍ പരിഗണിക്കുന്നത്. ജലസേചനവിഭാഗത്തില്‍നിന്ന് സ്ഥലം വാടക നല്‍കി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍ ദീപ ഡി. നായര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സ്ഥലം പരിശോധിച്ചു. പദ്ധതിക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. വിശദമായ പദ്ധതിരേഖ ഉടന്‍ തയ്യാറാക്കുമെന്നാണ് വിവരം. പേരാമ്പ്ര നിയോജകമണ്ഡലം വികസനമിഷനാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ പേരാമ്പ്രയില്‍ മൂന്നുസിനിമാ തിയേറ്ററാണുള്ളത്. നേരത്തെ നാലെണ്ണമുണ്ടായിരുന്നെങ്കിലും ഒന്ന് അടച്ചുപൂട്ടുകയായിരുന്നു. സിനിമാ റിലീസിങ് തിയേറ്ററുകള്‍ ഏതുമില്ല. പുതിയ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ വരുന്നതോടെ പേരാമ്പ്രയും റിലീസിങ് കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply