കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്രി മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.യെ അറിയിച്ചു. ഒരു കോടി 16 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വാര്‍ഷിക പരിശോധനയുടെ ഭാഗമായി വടകരയിലെത്തിയ ജനറല്‍ മാനേജരുമായി എം.പി. ചര്‍ച്ച നടത്തിയിരുന്നു. കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാത നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും എം.പി.യെ ജനറല്‍ മാനേജര്‍ അറിയിച്ചു. കൊയിലാണ്ടിയില്‍ എട്ട് ലക്ഷം രൂപ ചെലവില്‍ മൂന്ന് പ്ലാറ്റ് ഫോം ഷെല്‍ട്ടര്‍ കൂടി സ്ഥാപിക്കും.
തിക്കോടി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ദീര്‍ഘിപ്പിക്കുന്നതിന് 32 ലക്ഷം രൂപയും പ്ലാറ്റ്ഫോം ഷെല്‍ട്ടറിന് ഏഴ് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പയ്യോളിയില്‍ പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് എട്ട് ലക്ഷം രൂപയും അനുവദിച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. മംഗലാപുരം -കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് തുടങ്ങിയ വണ്ടികള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. പരശുറാം എക്സ്പ്രസ്സിന് പയ്യോളിയിലും സ്റ്റോപ്പ് വേണമെന്നും ആവശ്യപ്പെട്ടു.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി നിലച്ചിട്ട് രണ്ട് കൊല്ലമായി. ഇതേ സ്ഥിതി തന്നെയാണ് ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണ കാര്യത്തിലും. റെയില്‍വേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന് പോയി. ബപ്പന്‍കാട് റെയില്‍വേ ഗേറ്റ് നിലനിന്ന സ്ഥലത്ത് അടിപ്പാത നിര്‍മാണ പ്രവൃത്തി തുടരാന്‍ റെയില്‍വേ അനുമതി ഇനിയും ലഭിച്ചില്ല. അടിപ്പാത നിര്‍മാണ പ്രവൃത്തി നടക്കുമ്പോള്‍ വണ്ടികള്‍ വേഗം കുറച്ച് പോകണം. ഇതിനുളള അനുമതിയാണ് റെയില്‍വേ അധികൃതരില്‍ നിന്നു ലഭിക്കേണ്ടത്.