Home » ന്യൂസ് & വ്യൂസ് » ഇറോം ശര്‍മിള കേരളത്തിലേക്ക്

ഇറോം ശര്‍മിള കേരളത്തിലേക്ക്

രാഷ്ട്രീയം ഉപേക്ഷിച്ച ഇറോം ശര്‍മിള കേരളത്തിലേക്ക് വരാനൊരുങ്ങുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആറു മാസം വിശ്രമത്തിന് പോകുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചുനാള്‍ കഴിയുമെന്നും ഇറോം പറഞ്ഞു.

‘ഞാന്‍ കുറച്ച് നാളത്തേക്ക് മണിപ്പൂര്‍ വിടുകയാണ്. ഞാന്‍ ദക്ഷിണേന്ത്യയിലേക്ക് പോവും. കേരളത്തിലെ ഒരു ആശ്രമത്തില്‍ കഴിയും. ചിലപ്പോള്‍ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും സമയം ചെലവഴിക്കും’, ഇറോം പറഞ്ഞു. ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞതായും അവര്‍ വ്യക്തമാക്കി.

ഫലപ്രഖ്യാപന ദിവസം എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമത്തിലായിരുന്നു ഇറോം. കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് ഇറോം ശര്‍മിള സൂചിപ്പിക്കുന്നു. ഫലം എന്താകുമെന്ന് ഏറക്കുറെ മനസ്സില്‍ കണ്ടിരുന്നതായി അവര്‍ പറയുന്നു. വരുന്ന പാര്‍ലമെന്റിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലര്‍ വാങ്ങിയെന്നും ഇറോം ആരോപിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇറോം ശര്‍മിള പറഞ്ഞു.

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാല്‍ അവര്‍ നോട്ടയ്ക്കും പിന്നിലായി വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.

Leave a Reply