തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് മൃഗസംരക്ഷണ വകുപ്പിലൂടെ നടപ്പാക്കുന്ന കരുണ പദ്ധതിയുടെ ഭാഗമായുള്ള നാല് മൃഗ വന്ധ്യംകരണ കേന്ദ്രങ്ങള്‍ കൂടി ഈ മാസം സജ്ജമാവും. പദ്ധതിക്ക് കീഴിലെ ആദ്യ കേന്ദ്രം കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ഫെബ്രുവരി 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തിരുന്നു. ബാലുശ്ശേരിയിലെ കേന്ദ്രം അടുത്തയാഴ്ച പ്രവര്‍ത്തന സജ്ജമാവും. തുടര്‍ന്ന് പേരാമ്പ്ര, വടകര, പുതുപ്പാടി കേന്ദ്രങ്ങളും ഈ മാസം തന്നെ പ്രവര്‍ത്തനം തുടങ്ങും.
പുളിയഞ്ചേരി കേന്ദ്രത്തില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തെരുവു നായ്ക്കളെ കണ്ടെത്തി വന്ധ്യംകരിച്ച് മൂന്നു ദിവസം പരിചരണവും ചികിത്സയും പേവിഷബാധയുടെ വാക്സിനും നല്കി എവിടെ നിന്നാണോ പിടിച്ചത് അവിടെ കൊണ്ടുവിടുന്നതാണ് പദ്ധതി. ബംഗളുരു ആസ്ഥാനമായ അനിമല്‍ റൈറ്റ്സ് ഫോറം എന്ന എന്‍.ജി.ഒയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒരു മൃഗ ഡോക്ടറും അഞ്ച് നായ പിടിത്തക്കാരും ഒരു ഡ്രൈവറും അടങ്ങുന്നതാണ് ഓരോ കേന്ദ്രത്തിലെയും സംഘം.
പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനം കൂടി സമാന്തരമായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വളര്‍ത്തുനായ്ക്കളുടെ വാക്സിനേഷനും ഇതിനൊപ്പം നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വാര്‍ഡ് തലത്തില്‍ ജനങ്ങള്‍ക്ക് അറിവും അവബോധവും നല്കി വേണം പദ്ധതി നടപ്പിലാക്കാനെന്നും കളക്ടര്‍ പറഞ്ഞു.