Home » ന്യൂസ് & വ്യൂസ് » മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍

മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍

മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഇക്കാര്യം പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു. മറ്റന്നാളത്തെ ലീഗ് സെക്രട്ടേറിയറ്റിന് മുന്‍പെ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫൗസിയ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന കാര്യം തുറന്നുപറയുന്നത്. നാളെയാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് എങ്ങും ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം തന്നെ ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ ഒരു വിഭാഗം മുന്നോട്ടുവെച്ചിരുന്നു.

എംഎല്‍എമാരായ ഡോ. എംകെ മുനീര്‍, കെഎം ഷാജി എന്നിവരടങ്ങിയ ലീഗിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങള്‍. മലപ്പുറത്ത് മത്സരിപ്പിച്ച് ലീഗിന്റെ ദേശീയ രാഷ്ട്രീയത്തിലെ മുഖമായി കുഞ്ഞാലിക്കുട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഇ അഹമ്മദിന്റെ മരണത്തിന് ശേഷം ചേര്‍ന്ന ലീഗ് നേതൃയോഗത്തിലുണ്ടായ ധാരണ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. ഈ പശ്ചാത്തലത്തിലാണ് ഫൗസിയയെ മുന്‍നിര്‍ത്തിയുള്ള നീക്കം. ഇംഗ്ലീഷ് മാസികയായ ഔട്ട്‌ലുക്കിലാണ് ഫൗസിയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് സൂചന ആദ്യം വന്നത്.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നകാര്യം ഫൗസിയ അന്ന് സ്ഥിരീകരിച്ചിരുന്നില്ല. ലീഗിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഫൗസിയയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അഹമ്മദിന്റെ കുടുംബത്തോട് അടുപ്പമുള്ള ചിലര്‍ വ്യക്തമാക്കിയിരുന്നു. ലീഗില്‍ പികെ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന വിഭാഗത്തില്‍നിന്നാണ് ഈ നീക്കങ്ങള്‍. ഫൗസിയയെ മുന്‍നിര്‍ത്തി സമ്മര്‍ദം ശക്തമാക്കിയാല്‍ കുഞ്ഞാലിക്കുട്ടി പിന്മാറുമെന്നാണ് കണക്കുകൂട്ടല്‍. ഫൗസിയ മത്സരത്തിന് തയ്യാറായില്ലെങ്കിലും സമവായമെന്ന നിലയില്‍ മറ്റാരെയങ്കിലും കൊണ്ടുവരാനാണ് ലക്ഷ്യം. യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. മുനവറലി വന്നാല്‍ ലീഗ് അണികളില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഫൗസിയയെ കൊണ്ടുവരിക എന്നതിലുപരി കുഞ്ഞാലിക്കുട്ടിയുടെ വരവിനെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്നലെ കുഞ്ഞാലിക്കുട്ടിയെ മത്സരരംഗത്ത് നിന്നും മാറ്റിനിര്‍ത്തണമെന്ന് ആവശ്യവുമായി ഉമ്മന്‍ചാണ്ടി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കാണാനെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത് കേരളത്തില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ശിഹാബ് തങ്ങളോട് ഉമ്മന്‍ചാണ്ടി അറിയിച്ചതും. കെഎം മാണി മുന്നണി വിട്ടുപോയ സാഹചര്യവും പിന്നാലെ പ്രതിപക്ഷത്തെ മുന്നണിയുടെ കരുത്തനായ നേതാവ് ദേശീയരാഷ്ട്രീയത്തിലേക്ക് തിരിയുന്നതും സംസ്ഥാനത്തെ യുഡിഎഫിനെ ബാധിക്കുമെന്ന കാര്യവും ഉമ്മന്‍ചാണ്ടി ശിഹാബ് തങ്ങളോട് വ്യക്തമാക്കി. സംസ്ഥാനത്ത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശകതമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ട സാഹചര്യമാണിതെന്നും ഈ ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്നതാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ഉമ്മന്‍ചാണ്ടി ലീഗ് നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരങ്ങള്‍.

Leave a Reply