Home » നമ്മുടെ കോഴിക്കോട് » ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല: വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം അവതാളത്തില്‍

ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല: വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം അവതാളത്തില്‍

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച വെസ്റ്റ്ഹില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല. നിരവധി തവണ ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ വന്നതോടെ ടെന്‍ഡര്‍ നടപടികള്‍ മെല്ലപോക്കിലായി. കോര്‍പറേഷന് സാമ്പത്തിക ബാധ്യത വരുന്ന രീതിയിലാണ് കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയത്.

പ്ലാന്റ് നവീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിടാനുള്ള കെട്ടിടത്തിന്റെ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. എന്നാല്‍ കാലങ്ങളായി പ്രവര്‍ത്തിക്കാത്ത പ്ലാന്റ് തുരുമ്പെടുത്ത് നശിക്കുന്ന നിലയിലാണുള്ളത്. പ്ലാന്റ് അടച്ച് പൂട്ടിയിട്ടും പല സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചിരുന്നു. ഇവ പ്ലാന്റിനു ചുറ്റും കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പരാതിയുമായി മുന്നോട്ട് വന്നിരുന്നു.

രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തി സംസ്‌കരണ പ്ലാന്റിനു മുമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാണ്. മാലിന്യങ്ങള്‍ സംരക്ഷിക്കാന്‍ പ്ലാന്റിന് ചുറ്റും ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര പണിയുന്നുണ്ടെങ്കിലും സംസ്‌കരണ പ്ലാന്റിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് സന്നദ്ധതയറിയിച്ച് കരാറുകാരൊന്നും എത്തിയിട്ടില്ല. നിലവില്‍ കോര്‍പറേഷന്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിറവിന്റെ സഹായത്തോടെ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയാണ്.

Leave a Reply