പീഡനത്തിനിരയാക്കപ്പെടുന്ന അതേ അനുഭവമാണ് ഒരു പെണ്ണിന്റെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങള്‍ ഓരോ പെണ്ണിനും സമ്മാനിക്കുന്നത്.
ഷാള്‍ ഒന്നു മാറിയാല്‍, മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാല്‍ ആര്‍ത്തിയോടെ നോക്കുന്ന കാമകണ്ണുകള്‍ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല.
യാത്രചെയ്യുമ്പോള്‍, തൊഴിലിടങ്ങളില്‍, എന്തിന് സ്വന്തം വീട്ടില്‍ പോലും ഇത്തരം നോട്ടങ്ങളെ ഭയന്നോ കണ്ടില്ലെന്നു നടിച്ചോ വേണം പെണ്ണിന് ജീവിക്കാന്‍.
ഇത്തരം ആണ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ‘Her’ ‘Let theVoice beYours’ . ഒരു ഓഫീസിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ നായിക സമകാലിക ലോകത്തെ പെണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജവും ഉത്തേജകവുമാണ്.
ആണ് നോട്ടങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോകുന്ന, തലകുനിച്ച് പിന്മാറുന്ന പതിവു പെണ്‍കാഴ്ചകള്‍ക്ക് വിപരീതമാണവള്.കഷ്ടപ്പെട്ടു നോക്കണമെന്നില്ല വേണേല്‍ ഞാന്‍ കാണിച്ചുതരാമെന്നു പറഞ്ഞു മാറിടം തുറന്നുകാണിക്കാനൊരുങ്ങുന്ന, വസ്ത്രം ഉരിയാനൊരുങ്ങുന്ന , താങ്കളുടെ ഭാര്യയ്ക്കും മകള്ക്കുമുള്ളത് തന്നെയേ എനിക്കുമുള്ളൂ… ചിലപ്പോള്‍ അളവുകളില്‍ കുറവുണ്ടായേക്കാമെന്നു പറയുന്ന കേന്ദ്ര കഥാപാത്രം ചൂഷണത്തിന് മുന്നില്‍ തലകുനിച്ചു പോയേക്കാവുന്ന അനേകം സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്ന പ്രതികരണത്തിന്റെ അനന്തസാധ്യതകളാണ് നല്‍കുന്നത്.
പ്രതികരണങ്ങള്‍ ഇല്ലാത്തതാണ് സമൂഹത്തിന്റെ അധപതനത്തിന് കാരണമെന്നും കൃത്യമായി പറയുന്നു ഈ ചിത്രം.