Home » ന്യൂസ് & വ്യൂസ് » പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം

പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി നല്‍കിയ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണിത്. ഹോട്ടലുകളിലെ ബീയര്‍-വൈന്‍ പാര്‍ലറുകള്‍ സുപ്രീം കോടതി വിധിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു എജിയുടെ നിയമോപദേശം. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യക്കടകള്‍ 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റും. ഇവ മാറ്റുന്നതിനെതിരെ വ്യാപക ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം നല്‍കും. അതേസമയം പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രം പ്രഖ്യാപിച്ചാല്‍ മതിയെന്നും ധാരണയായി. മാര്‍ച്ചില്‍ നയം പ്രഖ്യാപിക്കില്ല.

ദേശീയ-സംസ്ഥാന പാതകളോട് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. കോടതി നിര്‍ദേശിച്ച മദ്യ ശാലകളുടെ പരിധിയില്‍ ഹോട്ടലുകളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍ഫ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ച് തുടര്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. നിലവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളോട് ചേര്‍ന്ന് മാത്രമാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പൂട്ടിയിരുന്നു. ദൂരപരിധി പ്രകാരം പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബിയര്‍വൈന്‍ പാര്‍ലറുകളും ബാറുകളും പൂട്ടേണ്ടി വരുമെന്ന അഭിപ്രായം വന്നിരുന്നു. എന്നാല്‍ നിയമോപദേശം അംഗീകരിച്ച് ഇവ ഇപ്പോഴത്തെ സ്ഥലത്ത് തന്നെ തുടരാനാണ് തീരുമാനം.

ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട് ലെറ്റുകള്‍ ദേശീയ സംസ്ഥാന പാതയുടെ 500 മീറ്ററിന് പുറത്തേക്ക് മാറ്റാനും ഇതിന് പൊലീസ് സംരക്ഷണം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 179 ഓളം കടകളാണ് ഇത്തരത്തില്‍ മാറ്റേണ്ടത്. കഴിഞ്ഞ മാസം തന്നെ ഇതിനായി സ്ഥാപനങ്ങള്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാന വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും പൊലീസ് ബല പ്രയാഗിച്ച് മാറ്റിയ കടകള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ പൂട്ടിച്ചു. പൊലീസ് പലയിടത്തും ബലപ്രയോഗം നടത്തിയെങ്കിലും വിജയിച്ചില്ല. പല കടകളും പഴയ സ്ഥലങ്ങളില്‍ പുനരാരംഭിക്കുകയാണ് ചെയ്തത്. ഏപ്രില്‍ ഒന്നു മുതല്‍ ഇവ മാറ്റി സ്ഥാപിച്ചേ മതിയാകൂ. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കേണ്ട മദ്യനയം മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണയായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭായോഗത്തെ അറിയിച്ചത്.

Leave a Reply