Home » നമ്മുടെ കോഴിക്കോട് » കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ ത്രീഡി തിയേറ്റര്‍ സംവിധാനം 24 ന് ഉദ്ഘാടനം ചെയ്യും

കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ ത്രീഡി തിയേറ്റര്‍ സംവിധാനം 24 ന് ഉദ്ഘാടനം ചെയ്യും

ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ പൂര്‍ത്തിയായ അത്യാധുനിക ത്രീഡി തിയേറ്റര്‍ 24-ന് മ്യൂസിയം പുരാവസ്തുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. ചരിത്രം, പൈതൃകം, പരിസ്ഥിതി, വനം, വന്യജീവി തുടങ്ങിയ വിഷയങ്ങളില്‍ ത്രീഡി ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനമാണ് തിയേറ്ററുകളിലുണ്ടാവുക.

പ്ലാനറ്റേറിയം മാതൃകയില്‍ ഈ രംഗങ്ങളില്‍ അറിവു പകരുകയാണ് ലക്ഷ്യം. 25 മിനിറ്റ് നീളുന്ന പ്രദര്‍ശനമായിരിക്കും ഉണ്ടാവുക. തിരക്കിനനുസരിച്ചായിരിക്കും പ്രദര്‍ശനങ്ങളുടെ സമയവും എണ്ണവും നിശ്ചയിക്കുക. നൂറുപേര്‍ക്ക് ഇരിക്കാനുള്ള എയര്‍കണ്ടീഷന്‍ ചെയ്ത തിയേറ്ററാണിത്. പാസീവ് ത്രീഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതുകൊണ്ട് തിയേറ്ററിന്റെ എവിടെ നിന്നാലും ത്രീഡി ആസ്വദിക്കാന്‍ കഴിയുമെന്ന് കൃഷ്ണമേനോന്‍ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറി സൂപ്രണ്ട് പി.എസ്. പ്രിയരഞ്ജന്‍ പറഞ്ഞു.

മൂന്നുകോടിയാണ് നിര്‍മാണച്ചെലവ്. ഒരുവര്‍ഷം മുന്‍പാണ് നിര്‍മാണം തുടങ്ങിയത്. ഇപ്പോള്‍ അവസാനഘട്ട മിനുക്കുപണികള്‍ നടക്കുകയാണ്.
കേരളത്തില്‍ മ്യൂസിയംവകുപ്പിനു കീഴില്‍ തൃശ്ശൂരില്‍മാത്രമേ ത്രീഡി തിയേറ്ററുള്ളൂ. കോഴിക്കോട്ടുകാരന്‍കൂടിയായ മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരന്‍ മുന്‍കൈയെടുത്താണ് ഇവിടെ തിയേറ്റര്‍ കൊണ്ടുവന്നത്. ഇതോടൊപ്പം കോഴിക്കോടിന്റെ ചരിത്രംപറയുന്ന പാര്‍ക്കും ചിത്രശലഭോദ്യാനവും തിയേറ്ററിനു സമീപം ഒരുക്കുന്നുണ്ട്.

ജൂണില്‍ പാര്‍ക്കില്‍ മരത്തിന്റെ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും. മരങ്ങള്‍നിറഞ്ഞ് തണല്‍ വിരിഞ്ഞുനില്‍ക്കുന്ന സ്ഥലമാണ്. അതുകൊണ്ട് അതിന്റെ സ്വാഭാവികത നിലനിര്‍ത്തിയാണ് പാര്‍ക്കൊരുക്കുന്നത്. മലബാര്‍ മാന്വലിന്റെ രചയിതാവും കളക്ടറുമായിരുന്ന വില്യം ലോഗന്‍ ഉള്‍പ്പെടെയുള്ളവരുടെ കോഴിക്കോട്ടെ സംഭാവനകള്‍ പാര്‍ക്കില്‍ ആലേഖനംചെയ്യും. കോഴിക്കോടിന്റെ ചരിത്രം വിവരിക്കുന്ന രീതിയിലാണ് പാര്‍ക്ക് രൂപകല്പനചെയ്യുക. ടെറാക്കോട്ട ശില്പങ്ങള്‍, പെയിന്റിങ്ങുകള്‍ എന്നിവയും പാര്‍ക്കില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു ഓപ്പണ്‍ എയര്‍ തിയേറ്ററും പരിഗണനയിലുണ്ട്.

കോഴിക്കോടിന്റെ ചരിത്രസ്മാരകമാണ് കൃഷ്ണമേനോന്‍ മ്യൂസിയം. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവര്‍ക്ക് ഈ നഗരമെന്തായിരുന്നു എന്ന മനസ്സിലാക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് ലക്ഷ്യമെന്നും പ്രിയരഞ്ജന്‍ പറഞ്ഞു. ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രിയായ വി.കെ. കൃഷ്ണമേനോനെക്കുറിച്ചുള്ള മ്യൂസിയം, രാജാ രവിവര്‍മയുള്‍പ്പെടെയുള്ള ചിത്രകാരന്‍മാരുടെ ഒറിജിനല്‍ ചിത്രങ്ങളുള്ള ചിത്രാലയം, സിന്ധുനദീതട സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളടക്കമുള്ള അപൂര്‍വ ചരിത്രശേഖരങ്ങളടങ്ങിയ പഴശ്ശിരാജ മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെയുണ്ടെങ്കിലും എത്തുന്ന ആളുകളുടെ എണ്ണം തീരെകുറവാണ്. അതുകൊണ്ട് അറിവിനൊപ്പം വിനോദവുംകൂടി ഉള്‍പ്പെടുത്തി സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ലക്ഷ്യം

Leave a Reply