Home » നമ്മുടെ കോഴിക്കോട് » മാനാഞ്ചിറ സ്‌ക്വയറില്‍ ലൈറ്റ് ആന്‍ഡ് ഷോ പദ്ധതി

മാനാഞ്ചിറ സ്‌ക്വയറില്‍ ലൈറ്റ് ആന്‍ഡ് ഷോ പദ്ധതി

മാനാഞ്ചിറ സ്‌ക്വയറില്‍ ലൈറ്റ് ആന്‍ഡ് ഷോ സ്ഥാപിക്കാനുള്ള പദ്ധതി ആലോചനയിലുണ്ടെന്ന് കലക്ടര്‍ യു.വി. ജോസ് .കോര്‍പറേഷന്റെ അനുമതിയും സഹകരണവും ആവശ്യമുള്ളതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്ത് പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പും നടത്താനുള്ള അഞ്ചു കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കും. ആകെ ഒന്‍പതു കേന്ദ്രങ്ങളാണ് തുടങ്ങാനുദ്ദേശിക്കുന്നത്. കോട്ടയത്തു നടത്തി വിജയിച്ച പരീക്ഷണമാണ് ഇവിടെയും നടത്താന്‍ പോകുന്നത്. മിഠായിത്തെരുവില്‍ റോഡിന്റെ ഉപരിതലം മാറ്റിപ്പണിയുകയും കേബിളുകളും മറ്റു ലൈനുകളും ഭൂമിക്കടിയിലാക്കുകയും ചെയ്യും. കൂടാതെ സദാ വെള്ളം ലഭ്യമാകാനുള്ള സംവിധാനവും ഒരുക്കും. മാലിന്യ സംസ്‌കരണത്തിനു പദ്ധതി തയാറാക്കും.

ഇപ്പോള്‍ ഞെളിയന്‍ പറമ്പില്‍ മാലിന്യം എത്തുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. ബാക്കി എവിടെപ്പോകുന്നുവെന്നു വിശദമായ അന്വേഷണം നടത്തി കണ്ടെത്തും. കാടുകളില്‍ കൊണ്ടുപോയി തള്ളുകയാണോ എന്നു പരിശോധിക്കും. ശുചിത്വ സാക്ഷരതാ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു പൊതുജന സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോടിനെ സ്‌പൈസസ് റൂട്ടില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. വിനോദസഞ്ചാര വികസനത്തിനു ഹോം സ്റ്റേ പോലുള്ള താമസ സൗകര്യങ്ങള്‍ അത്യാവശ്യമാണ്. വിനോദസഞ്ചാരികള്‍ സ്ഥലം കാണാന്‍ മാത്രം വരുന്നവരല്ല. അവര്‍ക്കു വേണ്ടത് നവ്യമായ അനുഭവങ്ങളാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളേക്കാള്‍ അവര്‍ ഇഷ്ടപ്പെടുക ഹോം സ്റ്റേ പോലുള്ള സംവിധാനങ്ങളാണ്. അതുണ്ടെങ്കിലേ വിനോദസഞ്ചാരം സാധ്യമാകുകയുള്ളുവെന്നും കലക്ടര്‍ വിശദീകരിച്ചു. നഗര വികസനത്തിനു മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎ പ്രസിഡന്റ് എം. അനില്‍കുമാര്‍ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി അനില്‍ ബാലന്‍, ട്രഷറര്‍ കൗഷിക് സമ്പത്ത്, മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. വി.കെ.എസ്. മേനോന്‍, ജെയിംസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.കാലിക്കറ്റ് മാനേജ്‌മെന്റെ് അസോസിയേഷന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഭാഗമായി സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും കലക്ടര്‍ മറുപടി പറഞ്ഞു.

Leave a Reply