നടുത്തുരുത്തി പാലത്തിന് 20 കോടി ബജറ്റില്‍ വകയിരുത്തിയതോടെ എലത്തൂരിനും തലക്കുളത്തൂരിനുമിടയിലുള്ള ദൂരം ഇനി ഇരുന്നൂറ് മീറ്ററായി ചുരുങ്ങും. സ്ഥലം എംഎല്‍എയും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്റെ ശ്രമഫലമായാണ് പാലത്തിന് അനുമതി ലഭിച്ചതും തുക നീക്കിവച്ചതും.
നിലവില്‍ കടത്തുവള്ളം വഴിയാണ് തലക്കുളത്തൂരുകാര്‍ പൊലീസ് സ്റ്റേഷനുമായും റെയില്വേസ്റ്റേഷനുമായും ബന്ധപ്പെടുന്നത്. അതല്ലെങ്കില്‍ പാവങ്ങാട് വഴി എട്ട് കിലോമീറ്ററോളം രണ്ടു ബസ്സുകളില്‍ യാത്രചെയ്തു വേണം എലത്തൂരിലെത്താന്. പാലം യാഥാര്‍ഥ്യമാവുന്നതോടെ ചേളന്നൂര്‍, ഉള്ള്യേരി, ബാലുശേരി, കാക്കൂര്‍, നന്മണ്ട തുടങ്ങിയസ്ഥലത്തുനിന്നുമുള്ള യാത്രാ സൗകര്യവും വര്‍ധിക്കും.
എലത്തൂരില്‍നിന്ന് രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നേരിട്ട് രാമനാട്ടുകര വെങ്ങളം ബൈപാസിലേക്കും കടക്കാം. കോഴിക്കോട് എംപി പാലത്തിന് പണം നീക്കിവെക്കുമെന്ന് പറഞ്ഞെങ്കിലും പാലത്തിന് ഫണ്ട് അനുവദിച്ചിരുന്നില്ല. എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളിലൊന്നായ പാലം പ്രവൃത്തിക്കാവശ്യമായ 20 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയായിരുന്നു. നടുത്തുരുത്തി ഭാഗത്തുള്ള ആളുകള്‍ ബസ്, റെയില്‍ ഗതാഗതത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് എലത്തൂരിനെയാണ്. എലത്തൂരില്‍നിന്ന് പുഴകടന്നു പോവാന്‍ പ്രയാസമുള്ളതിനാല്‍ മിക്കയാളുകളും ബസ്സുകളെയാണ് ആശ്രയിച്ചിരുന്നത്.