മലയാള സിനിമയുടെ ചിരിത്രത്തിലാദ്യമായി മൂന്ന് സംവിധായകര്‍ ചേര്‍ന്ന് ഒരു സിനിമ സംവിധാനം ചെയ്യുന്നു. അതും പ്രശസ്ത എഴുത്തുകാരനായ ആര് കെ നാരായണന്റെ കഥാസമാഹാരത്തിന്റെ പേര് കടമെടുത്ത്. ഈ രണ്ട് കാരണങ്ങളാണ് റിലീസ് ദിവസം തന്നെ മാല്‍ഗുഡി ഡെയ്സ് എന്ന സിനിമ കാണാനുള്ള പ്രേരണ. പക്ഷെ റിലീസ് ദിവസം സംവിധായകന് സിദ്ധിഖിനെ മുന്‍ നിര്‍ത്തി പത്രത്തില്‍ കണ്ട പരസ്യം പോകണോ എന്ന് രണ്ട് വട്ടം ചിന്തിക്കാനും ഇടയാക്കി. പ്രിവ്യു ഷോ താന്‍ കണ്ടതാണെന്നും 1992ലെ മാളൂട്ടി പോലെ, ഈ ചിത്രം നിങ്ങളെ പിടിച്ചിരുത്തുമെന്നുമാണ് സിദ്ദിഖിന്റെ പക്ഷം. സിനിമയുടെ അണിയറക്കാര്‍ക്ക് തന്നെ യാതൊരു ഉറപ്പും പറയാനില്ലാത്തതിനാല്‍ പാടി പുകഴ്ത്താന്‍ പാണന്മാരെ ഇറക്കുന്ന പതിവ് ഉണ്ടല്ലോ.
എന്തായാലും കോഴിക്കോട് നഗരത്തില്‍ രാവിലെ ഷോ ഇല്ലാത്തതിനാല്‍ മാല്‍ഗുഡി ഡെയ്സ് കാണല്‍ ഉച്ചയ്ക്ക് ശേഷമായി മാറ്റിവെച്ചു. ആകെ നാരായണന്റെ മാല്‍ഗുഡി ഡെയ്സുമായി സിനിമയ്ക്കുള്ള ബന്ധം സാങ്കല്പികം എന്നത് മാത്രമാണ്.
മാല്‍ഗുഡി എന്ന സാങ്കല്‍പ്പിക ഗ്രാമവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കഥാസമാഹാരമെങ്കില് ഇത് അതേ സാങ്കല്‍പ്പിക പശ്ചാത്തലത്തില്‍, 124 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ്. വിശാഖ്, വിവേക്, വിനോദ് എന്നീ സഹോദരങ്ങളാണ് ചിത്രം കാണ്ഡം കാണ്ഡമായി സംവിധാനം ചെയ്തിരിക്കുന്നത്. അവധിക്കാല സമയത്ത് നാഗാലാന്‍ഡിലെ സ്കൂളില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടി ആരും സഹായത്തിനില്ലാതെ പട്ടിണി കിടന്ന് മരിച്ചുപോയ യഥാര്‍ത്ഥ സംഭവമാണ് സിനിമയ്ക്കാധാരം. യഥാര്‍ത്ഥ സംഭവത്തില്‍ അല്പം ഭാവനയും തിരുകി കയറ്റിയാണ് മാല്‍ഗുഡി ഡെയ്സ്. അനൂപ് മേനോനും ഭാമയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും രണ്ട് കുട്ടികളെ മുന്‍നിര്‍ത്തിയാണ് സിനിമ. തന്റെ പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ മാനസികാഘാതമേറ്റ ബാലികയായ അഥീന മലയോരത്ത് സ്ഥിതിചെയ്യുന്ന മാല്‍ഗുഡി പബ്ലിക് സ്കൂളില്‍ നാലാം ക്ലാസില്‍ എത്തിപ്പെടുന്നു, അഥീനയും, മിലന് ജോസഫ്’ എന്ന കൂട്ടുകാരനും അവിടെവച്ച് ചിത്രകാരനായ സെഫാന് സോളമനെ ദുരൂഹസാഹചര്യത്തില്‍ കണ്ടുമുട്ടുന്നതില്‍ കഥ തുടങ്ങുന്നു.
ചിത്രകാരനായ സെഫാന് സോളമനായി വേഷമിട്ട അനൂപ് മേനോന് സമീപകാലത്തെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാഴ്ചവച്ചു. നായിക കഥാപാത്രമാണെങ്കിലും അഭിനയംകൊണ്ട് ഉയരാന്‍ ഭാമയ്ക്ക് സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. സാഹചര്യങ്ങള്‍ക്ക് യോജിക്കാത്ത ഭാമയുടെ മെയ്ക്കപ്പ് അസഹനീയം. അഥീനയുടെ അമ്മയായി പ്രിയങ്ക.
ജയന് എന്ന സ്കൂള്‍ സെക്യൂരിറ്റിയുടെ വേഷത്തില്‍ നോബിയും, പോലിസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സൈജു കുറുപ്പും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
മൂന്നാറിന്റെ ദൃശ്യഭംഗി തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണീയത. ആദ്യഭാഗങ്ങളിലെ ഹെലിക്യം രംഗങ്ങളും നീര്മിഴിയില് എന്ന ഗാനരംഗവും മികച്ചു നിന്നു. പശ്ചാത്തല സംഗീതം ശരാശരിയില്‍ താഴെ മാത്രമായി ഒതുങ്ങി. തിരക്കഥയിലെ പാളിച്ച ചിത്രത്തെ തുടക്കത്തിലേ തന്നെ മടുപ്പിലേക്കാണ് തള്ളിവിടുന്നത്. വികാരങ്ങളുടെ അതിപ്രസരം എടുത്തു പറയേണ്ടതാണ്. ഒരൊറ്റ വിഷയത്തെ വലിച്ചുനീട്ടി ആവര്‍ത്തന വിരസതയുണ്ടാക്കുന്നു. കുട്ടികള്‍ സ്കൂളില്‍ അകപ്പെട്ടുപോകുന്നത് പ്രേക്ഷകര്‍ക്ക് ദഹിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഇടവേള കഴിഞ്ഞുള്ള രംഗങ്ങളില്‍ കുത്തിനിറച്ച അനാവശ്യ രംഗങ്ങളും. സിനിമയെ ഗൗരവമുള്ള വിഷയങ്ങള്‍ അതേ രീതിയില്‍ മാത്രം പ്രതിപാതിക്കുന്ന കലാസൃഷ്ടിയായി കാണുന്നവര്‍ക്ക് മാല്‍ഗുഡി ഡെയ്സ് സംതൃപ്തി നല്‍കിയേക്കാം. മലയാള സിനിമ കഥയിലും അവതരണത്തിലും സാങ്കേതികതയിലും എല്ലാം മികവ് പുലര്‍ത്തുമ്പോള്‍ ശരാശരി ചിത്രങ്ങള്‍ക്ക് പോലും അടി പതറുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ പ്രശസ്തമായ പേരും മൂന്ന് പേരുടെ സംവിധാനം എന്ന റെക്കോര്‍ഡും മാത്രം ചുമന്ന് വന്നിട്ട് തിയറ്ററില്‍ അനക്കമുണ്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.