Home » ആരോഗ്യം » ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുവില്‍പ്പനയ്ക്ക് നിയന്ത്രണം വരുന്നു

ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുവില്‍പ്പനയ്ക്ക് നിയന്ത്രണം വരുന്നു

ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുവില്‍പ്പനയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം നടപടി തുടങ്ങി. ലഹരിക്കുപകരം ഉപയോഗിക്കാന്‍ സാധ്യതയുള്ള ഹാബിറ്റ് ഫോമിങ് മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണമായും നിരോധിക്കും. ആന്റി ബാക്ടീരിയല്‍ മരുന്നുകളും ഇന്റര്‍നെറ്റ് വഴി വില്‍ക്കാനാകില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴിയുള്ള കയറ്റുമതിക്കും പ്രത്യേക രജിസ്ട്രേഷന്‍ വേണ്ടിവരും.

ഇതനുസരിച്ച് നിലവിലുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതിയിലൂടെ രാജ്യത്തെ മുഴുവന്‍ മരുന്നുവ്യാപാരവും നിയന്ത്രിക്കാനാണ് ആരോഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്.

ഇ-ഫാര്‍മസികളും റീട്ടെയില്‍ വ്യാപാരകേന്ദ്രങ്ങളുമടക്കം വിപണനരംഗത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കുന്ന മരുന്നുകള്‍ക്ക് ബാര്‍കോഡ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. കയറ്റുമതിചെയ്യുന്ന മരുന്നുകള്‍ക്ക് ഇപ്പോള്‍ ബാര്‍കോഡ് ആവശ്യമാണ്. ബാര്‍കോഡ് വരുന്നതോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ നിര്‍മിക്കുന്ന മരുന്നിന്റെ ഉത്പാദനംമുതല്‍ വിപണനംവരെയുള്ള ഘട്ടങ്ങള്‍ നിരീക്ഷിക്കാനാകും.

മരുന്നുവ്യാപാരം നിരീക്ഷിക്കുന്നതിനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിയന്ത്രിക്കാനും ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ സ്വതന്ത്രസംവിധാനം കൊണ്ടുവരും. വ്യാപാരികളുടെ രജിസ്ട്രേഷനും മരുന്നുവില്‍പ്പനയും രേഖപ്പെടുത്താന്‍ വിപുലമായ കംപ്യൂട്ടര്‍നിയന്ത്രിത ശൃംഖല ഏര്‍പ്പെടുത്തും. രണ്ടുവര്‍ഷംവരെ ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ സഹായം നല്‍കും. പിന്നീട് വ്യാപാരികളില്‍നിന്നും ഒരുശതമാനം ഇടപാടുചാര്‍ജ് ഈടാക്കും. ഫാര്‍മസികള്‍, ഇ-ഫാര്‍മസികള്‍, മൊത്ത-ചില്ലറ വ്യാപാരികള്‍ എന്നിവരില്‍നിന്ന് ഒരു കുറിപ്പടിക്ക് ഒരുശതമാനം എന്ന നിരക്കില്‍ പരമാവധി 200 രൂപവരെ ഈടാക്കും.

നിര്‍മാതാക്കള്‍ മരുന്നിന്റെ ബാച്ച് നമ്പര്‍മുതല്‍ ഉപയോഗകാലാവധിവരെയുള്ള വിവരങ്ങള്‍ ഏകീകൃത പോര്‍ട്ടലില്‍ നല്‍കണം. സ്റ്റോക്കിസ്റ്റുകളും മൊത്തവ്യാപാരികളും വാങ്ങിയ സ്റ്റോക്ക് വിവരവും ചില്ലറവ്യാപാരികളും ആസ്പത്രികളും മരുന്ന് വിറ്റഴിച്ച വിവരവും ഇതേ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. ഇതോടെ, നിര്‍മാണംമുതല്‍ വില്‍പ്പനവരെയുള്ള നടപടികള്‍ സുതാര്യമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യാതെയുള്ള മരുന്നുവില്‍പ്പന അനുവദിക്കില്ല. ഷെഡ്യൂള്‍ എച്ച്, എച്ച് വണ്‍, എക്സ് മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കും. ഇത്തരം മരുന്നുകള്‍ നല്‍കുമ്പോള്‍ ഡോക്ടറുടെ രജിസ്ട്രേഷന്‍ നമ്പറും മരുന്നുവിറ്റ ഫാര്‍മസിസ്റ്റിന്റെ വിവരവും പോര്‍ട്ടലില്‍ നല്‍കണം.

Leave a Reply