Home » നമ്മുടെ കോഴിക്കോട് » ഫയർഫോഴ്‌സിൽ ഇനി വനിതകളും; ആദ്യഘട്ടത്തില്‍ നിയമിക്കുന്നത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, നഗരങ്ങളില്‍

ഫയർഫോഴ്‌സിൽ ഇനി വനിതകളും; ആദ്യഘട്ടത്തില്‍ നിയമിക്കുന്നത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, നഗരങ്ങളില്‍

സംസ്ഥാനത്ത് അഗ്‌നിരക്ഷാസേനയില്‍ വനിതകള്‍ക്കും അവസരം. വിജിലന്‍സ്-അഴിമതിവിരുദ്ധ വിഭാഗത്തില്‍ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. നിയമനക്കാര്യത്തില്‍ അഗ്‌നിരക്ഷാസേനയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തുടക്കത്തില്‍ ഫയര്‍വുമണ്‍ തസ്തികയില്‍ 100 പേര്‍ക്ക് നിയമനം നല്‍കും. അഗ്‌നിരക്ഷാസേനാ മേധാവി എ. ഹേമചന്ദ്രനും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും ഇതുസംബന്ധിച്ച് ധാരണയിലെത്തി.

ധനവകുപ്പിന്റെ അനുമതിയും മന്ത്രിസഭാ തീരുമാനവും വന്നാല്‍ നിയമനം വൈകില്ലെന്ന് ഹേമചന്ദ്രന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വീതവും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ അഞ്ചു വീതവും വനിതകളെ നിയമിക്കും. നിലവില്‍ 5000 പുരുഷന്മാരാണ് അഗ്‌നിരക്ഷാസേനയിലുള്ളത്.

നടപടികള്‍ പൂര്‍ത്തിയായാല്‍ വനിതകള്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളായുള്ള രാജ്യത്തെ നാലാമത് സംസ്ഥാനമാകും കേരളം. 2003-ല്‍ തമിഴ്‌നാടാണ് ആദ്യം നടപ്പാക്കിയത്. പ്രിയ രവിചന്ദ്രന്‍, മീനാക്ഷി വിജയകുമാര്‍ എന്നിവരായിരുന്നു ആദ്യ ഓഫീസര്‍മാര്‍. 2013-ല്‍ വനിതകളുടെ പ്രത്യേകവിഭാഗം നിലവില്‍വന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും (മുംബൈ ഫയര്‍ ബ്രിഗേഡ്) വനിതകളുണ്ട്.

കേരള പോലീസില്‍ വനിതകളുടെ അംഗസംഖ്യ 15 ശതമാനമാക്കാന്‍ ലക്ഷ്യമിട്ട് 2160 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികസൃഷ്ടിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണിത്. നിലവില്‍ 3724 പേരാണ് പോലീസിലുള്ളത്. പോലീസ് സേനയുടെ ആറുശതമാനം മാത്രമാണിത്.

Leave a Reply