Home » നമ്മുടെ കോഴിക്കോട് » മാവൂര്‍റോഡ് ശ്മശാനം; വികസനത്തിന്റെ രൂപരേഖ തയ്യാറായി
Dead Body

മാവൂര്‍റോഡ് ശ്മശാനം; വികസനത്തിന്റെ രൂപരേഖ തയ്യാറായി

മാവൂര്‍റോഡ് ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എല്ലാവിധ സൗകര്യങ്ങളോടെയും പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ 50 ലക്ഷം രൂപ എം.എല്‍.എ. എ. പ്രദീപ്കുമാറിന്റെ ഫണ്ടില്‍നിന്നും 75 ലക്ഷം രൂപ കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുമുള്ളതാണ്.

ശ്മശാന വികസനത്തിന്റെ രുപരേഖ തയ്യാറായിട്ടുണ്ട്. ഇത് പ്രകാരം ശ്മശാനത്തിലേക്കുള്ള പ്രവേശനം വൈദ്യുതി ശ്മശാനം വഴിയാണ്. നിലവിലുള്ള ചൂളകള്‍ക്ക് പുറമെ പുതുതായി രണ്ടുചൂളകള്‍ കൂടി നിര്‍മിക്കും. ശവദാഹത്തിനെത്തുന്നവര്‍ക്ക് വിശ്രമിക്കാനും എല്ലാവര്‍ക്കും ചടങ്ങ് കാണാനും പ്രത്യേക സൗകര്യം ഉണ്ടാകും. കുടിവെള്ളവും ലഭ്യമാക്കും. ശൗചാലയങ്ങള്‍ പണിയും. ഇതിനൊക്കെ പുറമെ അനുസ്മരണ ചടങ്ങ് നടത്താനുള്ള ഹാള്‍ പണിയും. കൂടാതെ ശ്മശാനം പ്രകൃതിസൗന്ദര്യവത്കരിക്കാന്‍ ചുറ്റും ലാന്‍ഡ്സ്‌കെയിപ്പ് ഒരുക്കും. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഉണ്ടാകും.

ശ്മശാനത്തിന്റെ സ്വഭാവം തോന്നാത്ത തരത്തിലുള്ള വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ. എ. പ്രദീപ്കുമാര്‍ അറിയിച്ചു. ഏറേ ആളുകള്‍ ആശ്രയിക്കുന്ന നഗരത്തിലെ ഏക ശ്മശാനമാണ് മാവൂര്‍റോഡ് ശ്മശാനം. നഗരത്തിലെ ഏക വൈദ്യുതി ശ്മശാനവും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. വൈദ്യതി ശ്മശാനത്തില്‍ നിലവില്‍ ഒരു ചേംബര്‍ മാത്രമെയുള്ളു. ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കുമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.

പഴയ ചൂളയും പുകക്കുഴലുമായതിനാല്‍ ദഹനം നടക്കുമ്പോള്‍ പരിസരപ്രദേശം ദുര്‍ഗന്ധപൂര്‍ണമാകുന്നുവെന്ന പരാതി പരിഹരിക്കാന്‍ പുതിയ സംവിധാനം കൊണ്ട് കഴിയും. നിലവില്‍ ചില പ്രവൃത്തികള്‍ ഇതിനായി കോര്‍പ്പറേഷന്‍ ചെയ്തിട്ടുണ്ടെങ്കിലും പൂര്‍ണമല്ല.
2003ലാണ് ഇവിടെ വൈദ്യുതി ശ്മശാനം നിലവില്‍ വന്നത്. സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. ആദ്യ ഘട്ടങ്ങളില്‍ പ്രതികരണം കുറവായിരുന്നുവെങ്കിലും ഇപ്പോള്‍ നില മാറി. കുടുതല്‍ പേര്‍ വൈദ്യുതിശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. ചെലവ് കുറവാണന്നാണ് ആകര്‍ഷണം.നവീകരണ പദ്ധതിക്ക് ഭരണാനുമതി തേടാനുള്ള ശ്രമമാണ് നടക്കുന്നത്.

Leave a Reply