Home » സാമൂഹികം » മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് സംഘര്‍ഷത്തില്‍ ഇടപെടാമോ? അനീബുമായുള്ള അഭിമുഖം

മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് സംഘര്‍ഷത്തില്‍ ഇടപെടാമോ? അനീബുമായുള്ള അഭിമുഖം

“ഭിന്നശേഷിക്കാരനായ ഒരാളെ ആക്രമിക്കുകയാണ്. അയാളെ പൊക്കിയെടുത്ത് നിലത്തിടുമ്പോള്‍ ഞാനാണ് നിലത്തുനിന്നു എടുക്കുന്നത്.. ഹനുമാന്‍ സേനയെ നേരിടാനാഗ്രഹിച്ചിട്ടില്ല. ഹനുമാന്‍ സേനക്കാരുമായി ആശയപരമായി വിയോജിപ്പുണ്ടെങ്കിലും തല്ലണമെന്നാഗ്രഹിക്കേണ്ട കാര്യമില്ല.. സാമൂഹ്യകാര്യങ്ങളില്‍ സമൂഹത്തില്‍ ഭിന്നതയുണ്ട്, അത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ട്.”


കോഴിക്കോട് ഞാറ്റുവേല സംഘടിപ്പിച്ച ചുംബനസമരം ഹനുമാന്‍സേന പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലില്‍ കലാശിച്ചപ്പോള്‍ അറസ്റ്റിലായ തേജസ് ലേഖകന്‍ അനീബ് പി എ, ഭാര്യ നസീബ എന്നിവരുമായി എം എം രാഗേഷ് നടത്തിയ അഭിമുഖം.

മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് സംഘര്‍ഷത്തില്‍ ഇടപെടുന്ന സാഹചര്യം ഉണ്ടാകാറില്ലല്ലോ? ആ സംഘര്‍ഷത്തില്‍ ഇടപെടാന്‍ ഉണ്ടായ സാഹചര്യം?

അനീബ്: ഇടപെടണമെന്നഭിപ്രായമില്ല. സാഹചര്യങ്ങളാണ് അന്നതിന് വഴിവെച്ചത്.

ആ സാഹചര്യം ഒന്ന് വ്യക്തമാക്കാമോ?

അനീബ്: ഞാന്‍ അടിച്ചു,ചവിട്ടി,ഓടിച്ചടിച്ചു എന്നൊക്കെ പലതരത്തിലാണ് പ്രചരണം. ഞാന്‍ ആക്രമിച്ചിട്ടില്ല. മനോരമ ഞാന്‍ വടിയെടുത്ത് അടിച്ചു എന്നാണ് നല്‍കിയത്. ആദ്യ സംഭവമിതാണ്. ഭിന്നശേഷിക്കാരനായ ഒരാളെ ആക്രമിക്കുകയാണ്. അയാളെ പൊക്കിയെടുത്ത് നിലത്തിടുമ്പോള്‍ ഞാനാണ് നിലത്തുനിന്നു എടുക്കുന്നത്.

അക്രമം തടയുകയായിരുന്നോ?

അനീബ്: തടയാനുള്ള ശ്രമമായിരുന്നു.

അനീബിന്റെ ഭാര്യ ആ സമരത്തിലുണ്ടായിരുന്നോ?

അനീബ്: ഉണ്ടായിരുന്നു.

ഭാര്യയ്ക്ക് നേരെ അക്രമമുണ്ടായപ്പോഴാണോ ഇടപെടുന്നത്?

അനീബ്: ആ.. മൊത്തത്തിലാണ്. പറഞ്ഞറിയിക്കാനാവാത്ത വിധം വലിയ സംഘര്‍ഷമാണ് നടന്നത്.കുറേ ആളുകളുണ്ടായിരുന്നു.

ഇത്തരം ഘട്ടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടണമോ എന്ന വിഷയത്തില്‍ രണ്ടഭിപ്രായമുണ്ട്.അനീബിന്റെ വ്യക്തിപരമായ അഭിപ്രായം?

അനീബ്: ഇടപെടല്‍ ഓരോ പശ്ചാത്തലത്തില്‍ തീരുമാനിക്കപ്പെടുന്നതാണ്. നിര്‍ബന്ധമായും ഇടപെടണമെന്ന് പറഞ്ഞാല്‍ പിന്നെ ഇടപെടാനേ നേരമുണ്ടാകൂ. ഇടപെടേണ്ട എന്നാണെങ്കില്‍ കൊലപാതകം ഉള്‍പ്പെടെ നോക്കി നില്‍ക്കേണ്ട അവസ്ഥയിലേക്കും വരും.

ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വലിയ പിന്തുണ ലഭിക്കുകയുണ്ടായി. എന്തുകൊണ്ടാണ് കെ യു ഡബ്ല്യു ജെ ജില്ലാഘടകം വേണ്ടവിധം ഇടപെട്ടില്ലെന്ന തോന്നലുണ്ടോ??

അനീബ്: ജില്ലാഘടകത്തിന്റെ പ്രതിനിധികള്‍ ജയിലില്‍ വന്നു സംസാരിച്ചിരുന്നു.ഇതിന് ശേഷമാണ് പ്രസ്താവനയിറക്കിയത്. ഞാന്‍ മനസിലാക്കിയിടത്തോളം കെ യു ഡബ്ല്യു ജെ ജില്ലാകമ്മറ്റി വേണ്ടതരത്തില്‍ ഇടപെട്ടിട്ടില്ല. അതിന് പലകാരണങ്ങളുണ്ട്. സംഭവശേഷം പോലീസുകാര്‍ പല റിപ്പോര്‍ട്ടര്‍മാരെയും വിളിച്ചു. എന്റെ പേരില്‍ പത്ത് ക്രിമിനല്‍ കേസൊക്കെ ഉണ്ടെന്ന് പറഞ്ഞു. നിങ്ങളാരും ഇടപെടരുതെന്നും സംഗതി വേറെയാണെന്നും പിന്നീട് പ്രശ്‌നമാവുമെന്നും. ഈ സമയത്ത് ജില്ലാകമ്മറ്റി സമ്മര്‍ദ്ദത്തിലായിട്ടുണ്ടാകാം. ഡല്‍ഹിയിലുള്ളവര്‍ നന്നായി പിന്തുണ തന്നു. സൗജന്യമായാണ് അഭിഭാഷകനെയടക്കം ഏര്‍പ്പാടാക്കിയത്. അവിടെ മൂന്ന് കൊല്ലത്തോളം ജോലി ചെയ്ത അനുഭവവും പരിചയവും ഗുണം ചെയ്തു. പ്രാദേശിക തലത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറവിടങ്ങള്‍ നിലനിര്‍ത്തണം, അതിന് വേണ്ടിയാകാം മൗനം പാലിച്ചത്.

അനീബിന്റെ പേരില്‍ മുന്‍പ് കേസെന്തെങ്കിലുമുണ്ടോ?

അനീബ്: ഒരു കേസ് പോലുമില്ല.

മഫ്തി പോലീസാണെന്ന് മനസിലായിരുന്നോ? അല്ലെങ്കില്‍ ഹനുമാന്‍ സേനയാണെന്ന് കരുതിയോ?

അനീബ്: ഞാന്‍ ഹനുമാന്‍ സേനയെ നേരിടാനാഗ്രഹിച്ചിട്ടില്ല. ഹനുമാന്‍ സേനക്കാരുമായി ആശയപരമായി വിയോജിപ്പുണ്ടെങ്കിലും തല്ലണമെന്നാഗ്രഹിക്കേണ്ട കാര്യമില്ല.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണോ അനീബ് അവിടെ പോകുന്നത്?

അനീബ്: അതെ റിപ്പോര്‍ട്ടിംഗിന് വേണ്ടിയാണ് അവിടെ പോയത്.

അനീബിന്റെ രാഷ്ട്രീയം?

അനീബ്: എനിയ്ക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. തൃശ്ശൂര്‍ നാട്ടിക എസ് എന്‍ കോളേജിലാണ് പഠിച്ചത്. മുന്‍പ് പഠിയ്ക്കുന്ന സമയത്ത് എസ് എഫ് ഐ ആയിരുന്നു. യൂണിറ്റ് സെക്രട്ടറി ഒക്കെ ആയിരുന്നു. പിന്നീട് കുറച്ചുകാലം ഡി വൈ എഫ് ഐയില്‍ ഉണ്ടായിരുന്നു. പിന്നീട് ഗള്‍ഫില്‍ പോയി. ഒരു ഹോട്ടലിലായിരുന്നു ജോലി. 2011 മുതലാണ് മാധ്യമപ്രവര്‍ത്തകനാകുന്നത്. ഒരു വര്‍ഷം കോഴിക്കോട്, മൂന്ന് വര്‍ഷം ഡല്‍ഹി. ആറു മാസമായിട്ടേ ഉള്ളൂ വീണ്ടും കോഴിക്കോട്ടെത്തിയിട്ട്.

ഭാര്യ ആ സമരത്തില്‍ പങ്കെടുത്തു എന്ന് പറഞ്ഞു. ആ രാഷ്ട്രീയത്തോട് യോജിപ്പുണ്ടോ?

അനീബ്: യോജിപ്പും വിയോജിപ്പുമല്ല. അവര്‍ക്ക് അവരുടെ രാഷ്ട്രീയം. ഞാന്‍ അതില്‍ ഇടപെടാറില്ല.

തേജസ്സിന് രഹസ്യ അജണ്ട ഉണ്ട് എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായി, ജനം ടി വിയിൽ ഉള്‍പ്പെടെ).

അനീബ്: അത് ജനം ടി വിയുടെ അജണ്ട. എനിയ്ക്ക് നേരെ മറിച്ചാണ് അഭിപ്രായമുള്ളത്. കൊച്ചിയില്‍ ചുംബനസമരം നടക്കുമ്പോള്‍ പോപ്പുലര്‍ഫ്രണ്ട്, എസ് ഡി പി ഐ പോലുള്ള സംഘടനകള്‍ പോത്തിനെ നയിച്ച് വന്നവരാണ്. ഞാനാ സമയത്തൊക്കെ ഡല്‍ഹിയിലാണ്.

മാധ്യമപ്രവര്‍ത്തകസംഘടനയില്‍ തന്നെയുള്ള ഇക്കാര്യത്തിലെ ഭിന്നാഭിപ്രായങ്ങളെ എങ്ങനെ കാണുന്നു?

അനീബ്: ഞാറ്റുവേലക്കാർ പത്രസമ്മേളനം നടത്തുമ്പോള്‍ ഞാനവിടെയുണ്ട്. അപ്പോള്‍ കുറച്ച് പത്രക്കാര്‍ ചോദിച്ചു ചുംബനം മാത്രമേയുള്ളോ? വേറെ എന്തെങ്കിലുമുണ്ടോന്ന്. പൊതുസമൂഹത്തിന് സ്വീകാര്യരല്ലാത്ത, മുഖ്യധാരാ സൗന്ദര്യ സങ്കല്‍പ്പത്തിലൊന്നും പെടാത്ത ആളുകള്‍.. ഇവരൊക്കെയാണോ ചുംബിയ്ക്കാന്‍ വരുന്നത് എന്നതരത്തിലുള്ള പരിഹാസങ്ങളും അത്തരത്തിലുള്ള ചോദ്യങ്ങളുമൊക്കെയാണ് ഉയര്‍ന്നു വരുന്നത്. അതിനര്‍ത്ഥം മാധ്യമപ്രവര്‍ത്തകര്‍ ഏകശിലയല്ലെന്നാണ്. പല സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നുള്ളവരുണ്ടാകാം. ഉദാഹരണത്തിന് മാതൃഭൂമിയിലെ സമരത്തിന് മാതൃഭൂമിക്കാര്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. വേറെ പത്രത്തിന്റെ ആളുകളുണ്ടാകും. ഇതിലൊക്കെ സാമ്പത്തിക താല്‍പര്യങ്ങളും വിവിധ താല്‍പര്യങ്ങളുമുണ്ട്. മനോരമക്കാര്‍ ഒന്നിനും വരാറില്ല. അംബേദ്കര്‍ ഒക്കെ പറയുന്ന ഒരു കാര്യമുണ്ട്. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുക വലിയ പ്രയാസമാണ്. രാഷ്ട്രീയക്കാരന് പല സമരങ്ങളും ചെയ്യാം. പക്ഷേ ഏതെങ്കിലും സാമൂഹ്യകാര്യങ്ങളില്‍ ഇടപ്പെടുമ്പോള്‍ അയാള്‍ക്ക് സ്വന്തം അച്ഛനെയും അമ്മയെയും അടക്കം നേരിട്ടിട്ട് വേണം ഇറങ്ങാന്‍. സമൂഹത്തില്‍ ഭിന്നതയുണ്ട്, അത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ട്. എന്റെ ഈ സംഭവത്തിലും അതുണ്ടായിട്ടുണ്ട്.

പോലീസിന്റെ പെരുമാറ്റം?

അനീബ്: സിസി ടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും മര്‍ദിച്ചത്. എന്നെ മര്‍ദിക്കരുതെന്ന് പറഞ്ഞ ഒരാളെയും ക്രൂരമായി മര്‍ദിച്ചു. ജാമ്യം കിട്ടിയ ശേഷം എന്റെ സുഹൃത്ത് ഒരു ഐടി വിദഗ്ദന്‍ ഫോണ്‍ നോക്കണമെന്ന് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വാട്ട്‌സ് ആപ്പ് വെബ് വേര്‍ഷന്‍ വഴി എന്റെ ഫോണ്‍ അവര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. എന്റെ സ്വകാര്യതയില്‍ കടന്നുകയറി അവര്‍ക്ക് എന്തും ചെയ്യാം.ഞാന്‍ ഇത് ലോഗ് ഔട്ട് ചെയ്തു. എന്റെ ഫോണ്‍ പോലും എനിയ്ക്ക് ധൈര്യമായി ഉപയോഗിക്കാനാവാത്ത അവസ്ഥ. എനിയ്ക്ക് സുരക്ഷ പ്രശ്‌നമാവുകയാണ് ഈ സംഭവങ്ങളെല്ലാം.

ഇനി എന്താണ് പരിപാടി?

അനീബ്: പോലീസിനെതിരെ പരാതിയുമായി മുന്നോട്ട് പോകും.മഫ്തി പോലീസിനെ മര്‍ദിയ്ക്കാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കും.

പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയില്‍ പരാതി നല്‍കിയാല്‍ നടപടിയുണ്ടാകും എന്ന് കലക്ടറുടെ ഒരു ഫെയ്‌സ്ബുക്ക് കമന്റുണ്ടായിരുന്നു..

അനീബ്: ആശുപത്രിയില്‍ നിന്നിറങ്ങിയിട്ട് നല്‍കണം. കലക്ടര്‍ ഫെയ്‌സ്ബുക്കിലൊക്കെ എഴുതുന്നുണ്ടാകും.കലക്ടര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്ത ഒരാളാണെന്നാണ് എന്റെ അഭിപ്രായം.

അനീബിന്റെ ഭാര്യ നസീബ പറയുന്നു

രാഗേഷ്: നസീബയുടെ രാഷ്ട്രീയം അറിയാന്‍ താല്‍പര്യമുണ്ട്. ഞാറ്റുവേലയുമായി എങ്ങനെയാണ് അടുക്കുന്നത്?

നസീബ: ഞാറ്റുവേല എന്ന സംഘടനയില്‍ ഞാന്‍ അംഗമല്ല. കഴിഞ്ഞ ചുംബനസമരത്തില്‍ കൂടെയല്ലാതിരുന്നിട്ടും പങ്കാളിയാകേണ്ടി വന്നിട്ടുണ്ട്. ഞാറ്റുവേല ഈയൊരു സമരം പ്രഖ്യാപിച്ചപ്പോള്‍ ഐക്യപ്പെട്ട് വന്നതാണ്. ഈ സമരത്തിനോടൊരു താല്‍പര്യം തോന്നിയിട്ടുണ്ട്.

ഞാറ്റുവേലയുടെ ഈ സമരത്തിന്റെ ഉദ്ദേശ്യം?

നസീബ: അത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഞാറ്റുവേല പ്രവര്‍ത്തകര്‍ പട്ടികയില്‍ ആണി ഉള്‍പ്പെടെ തറച്ച് വന്ന് ഹനുമാന്‍ സേന പ്രവര്‍ത്തകരെ ആസൂത്രിതമായി ആക്രമിച്ചു എന്നാണ് ആരോപണം.

നസീബ: അതങ്ങിനെയല്ല.കോഴിക്കോട് ഇതിന് മുന്‍പ് നടന്ന ചുംബനസമരത്തില്‍ ഇതേ ഹനുമാന്‍സേനക്കാര്‍ വന്ന് ഭീകരമര്‍ദനം അഴിച്ചുവിട്ടു. അന്നവര്‍ക്ക് തിരിച്ച് കിട്ടിയില്ല. എന്നും അടിയും വാങ്ങി തിരിച്ച് പോകണമെന്ന് പറയുന്നത് ശരിയല്ലല്ലോ. ഞാറ്റുവേല സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഹനുമാന്‍സേന കായികമായി നേരിടുമെന്ന് പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തി മര്‍ദിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ പ്രതിരോധിക്കുക എന്നേയുള്ളൂ. അത് പക്ഷേ ആണി അടിച്ച വടികൊണ്ടല്ല, പ്ലകാര്‍ഡ് കൊണ്ടാണ്. എനിയ്ക്കടി കിട്ടിയപ്പോള്‍ ഞാനും തിരിച്ചടിച്ചു. ആ സമരത്തില്‍ ചുംബനമായിരുന്നില്ല ഉദ്ദേശ്യം. നാടകം,പാട്ട്, ചിത്രരചന ഒക്കെ ആസൂത്രണം ചെയ്താണ് വന്നത്. ഇതിനിടയിലാണ് ആക്രമണം വരുന്നത്. വികലാംഗനെ എടുത്തെറിയുന്നു, വളഞ്ഞിട്ട് തല്ലുന്നു. യാതൊരു പരിഗണനയുമില്ലാതെ അടിച്ചപ്പോഴാണ് തിരിച്ചടിക്കേണ്ടി വന്നത്. ആരെയും മര്‍ദിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നു.

ഞാറ്റുവേലയില്‍ അംഗമല്ലെന്ന് പറഞ്ഞു.ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഇപ്പോള്‍ അംഗമാണോ?

നസീബ: മുന്‍പ്   ഒരു സംഘടനയിലും പ്രവര്‍ത്തിച്ചിട്ടില്ല. ഇപ്പോള്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജോലി?

നസീബ: മുന്‍പ് ഇന്ത്യാവിഷനില്‍ വെബില്‍ ആയിരുന്നു.ഇപ്പോള്‍ ജോലിയില്ല.

Leave a Reply