കേരളത്തില്‍ ബിഡിജെഎസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിക്ക് ബിഡിജെഎസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എന്‍ഡിഎ മുന്നണി നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
കേരളത്തില്‍ എന്‍.ഡി.എ സംവിധാനം നിലവിലില്ല. ബി.ജെ.പി കേരള ഘടകം ബി.ഡി.ജെ.എസിനെ വഞ്ചിച്ചു. അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബി.ജെ.പിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ സ്വയം പ്രമാണിയാകാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചു. അവഗണന ഉണ്ടായിട്ടും ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിനു കാരണമെന്താണെന്ന ചോദ്യത്തില്‍ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താനും മറന്നില്ല. പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്. ലാവലിന്‍ കേസില്‍ കഴമ്പൊന്നുമില്ലെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്. അദ്ദേഹത്തിന്റെ സംഘടനാശേഷിയെ കുറച്ചു കാണാനാവില്ല.
ഇന്ത്യ മുഴുവന്‍ കമ്യൂണിസം തകര്‍ന്നപ്പോഴും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് പിണറായി വിജയന് കാരണമാണെന്നും കേരളത്തില്‍ കമ്യൂണ്റ്റ് പ്രസ്ഥാനം ഉയര്‍ന്ന് നില്‍ക്കുന്നത് പിണറായിയുടെ വ്യക്തിപ്രഭാവത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് ഇടതുപക്ഷത്ത് നിന്ന് വാഗ്ദാനം ലഭിച്ചാല്‍ അവര്‍ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായുള്ള ചോദ്യം ഉത്തരം പരിപാടി ഇന്ന് രാത്രി 9.30ന് മാതൃഭൂമി ന്യൂസില്‍ സംപ്രേക്ഷണം ചെയ്യും.