ജില്ലയിൽ കുടിവെള്ളത്തിന് അതീവ ക്ഷാമം നേരിടുന്ന 63 സ്ഥലങ്ങളിൽ കിയോസ്കുകൾ വഴി മാർച്ച് 31നകം ജലവിതരണം തുടങ്ങും. ഇതിനായി 63 പ്രദേശങ്ങളിലും 5,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കുകൾ സ്ഥാപിച്ചു.
നിർമിതി കേന്ദ്രക്കാണ് കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല. മൂന്ന് ടാപ്പുകൾ വീതമുള്ളതാണ് ഓരോ കിയോസ്കും. കോഴിക്കോട് താലൂക്കിൽ ഒമ്പത്, കൊയിലാണ്ടിയിൽ 14, വടകരയിൽ 30, താമരശ്ശേരിയിൽ 10 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്ന കിയോസ്കുകൾ. വരൾച്ച രൂക്ഷമാകുകയാണെങ്കിൽ 450 കേന്ദ്രങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രദേശികതലത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനുളള ചുമതല വില്ലേജ് ഓഫിസർമാർക്കാണ്. കിയോസ്കുകളിൽ വെള്ളത്തിെൻറ അളവ് 750 ലിറ്ററിൽ കുറയുന്ന മുറക്ക് നിറക്കാനുള്ള നടപടി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ കുടിവെള്ളം വിതരണം ചെയ്യാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ വിവരം വില്ലേജ് ഓഫിസറെയോ തഹസിൽദാറെയോ അറിയിക്കണം. ഡെപ്യൂട്ടി കലക്ടർമാരായ ബി. അബ്ദുൽ നാസർ, കെ. സുബ്രഹ്മണ്യൻ, എൻ.വി. രഘുരാജ്, കെ. ഹിമ എന്നിവർ പങ്കെടുത്തു

splash water