കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ ഗതാഗത മന്ത്രിയാക്കാന്‍ ശുപാര്‍ശ. എന്‍.സി.പി. നേതൃയോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടും. എ.കെ.ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിർദേശിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനെ പാർലമെന്ററി പാർട്ടി നേതാവാക്കാനും എംഎൽഎ ഹോസ്റ്റലിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു.
രാവിലെ വിമാനത്താവളത്തിലെത്തിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം എൻസിപി വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു മന്ത്രിമാർക്ക് നൽകാൻ അനുവദിക്കില്ല. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ട്. താൻ മന്ത്രിയാകുന്നതിനോടു മുഖ്യമന്ത്രിക്ക് എതിർപ്പില്ല. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനെന്ന് തെളിഞ്ഞാൽ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
അതേസമയം, തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോടു സിപിഐഎം കേന്ദ്ര നേതൃത്വത്തിനു വിയോജിപ്പുണ്ട്. എന്നാല്‍ പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടതു കേരളത്തിലാണെന്നും സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയാല്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നുമാണു നേതാക്കളുടെ നിലപാട്. മന്ത്രിസ്ഥാനം ആര്‍ക്കെന്നു തീരുമാനിക്കേണ്ടത് എന്സിപിയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.