Home » മറുകാഴ്ച » സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാകും

സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാകും

സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാക്കുന്നതോടെ നിര്‍ത്തിവച്ചിരുന്ന അധ്യാപകനിയമനങ്ങള്‍ കോടതിവിധിക്ക് വിധേയമായി പുനരാരംഭിക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായി. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധ്യാപകനിയമന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി.
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് നിര്‍ബന്ധിത യോഗ്യതയായി 2016 ഓഗസ്റ്റ് 30-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുള്‍പ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആര്‍)ത്തില്‍ പിന്നീട് ഭേദഗതി വരുത്തുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭേദഗതി നടപ്പായില്ല. പി.എസ്.സി. പഴയ യോഗ്യതയനുസരിച്ച് വിജ്ഞാപനവും നിയമനവും നടത്തുകയായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ കെ-ടെറ്റിനുവേണ്ടി കെ.ഇ.ആര്‍. ഭേദഗതി വരുത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ വാദം അംഗീകരിക്കുന്നവിധം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചു. ഇതോടെ സ്‌കൂള്‍ അധ്യാപകനിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പി.എസ്.സി. നിര്‍ബന്ധിതമായി. നിയമകാര്യങ്ങള്‍ക്കായുള്ള പി.എസ്.സി. ഉപസമിതി വിഷയം പഠിച്ച് ശുപാര്‍ശ കമ്മിഷന്‍യോഗത്തില്‍ അവതരിപ്പിച്ചു. ഇതാണ് ഇന്നലെ മുതല്‍ അംഗീകരിച്ചത്. ഇനിമുതല്‍ പി.എസ്.സി.യുടെ എല്‍.,പി., യു.പി., ഹൈസ്‌കൂള്‍, സ്‌പെഷ്യലിസ്റ്റ് വിഭാഗം നിയമനങ്ങള്‍ക്ക് കെ- ടെറ്റ് നിര്‍ബന്ധിത യോഗ്യതയാകും. എന്നാല്‍ നിലവിലെ റാങ്ക് പട്ടികകളില്‍ നിന്നു കെ-ടെറ്റ് പരിഗണിക്കാതെ നിയമനശുപാര്‍ശ നടത്തും. ഈ നിയമനങ്ങള്‍ അംഗീകരിക്കുന്നത് കോടതികളിലുള്ള ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടായതിനുശേഷമായിരിക്കും
പി.എസ്.സി. യുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലായില്‍ കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാ സെമിനാറുകള്‍ സംഘടിപ്പിക്കും. പി.എസ്.സി.യുടെ ചരിത്രരേഖ തയ്യാറാക്കുന്നതിനും നടപടി സ്വീകരിക്കും. ആയുര്‍വേദ, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ അധ്യാപകതസ്തികകളുടെ പുനര്‍നാമകരണം, പ്രായപരിധി എന്നിവ സംബന്ധിച്ച് സര്‍ക്കാരില്‍നിന്നു വ്യക്തത തേടും. അതുവരെ ഈ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കും.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും അതത് ജില്ലകളില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നതിനും വിവിധ തസ്തികകളിലായി 19 വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply