കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 28വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. പുതിയ സമയക്രമത്തിലും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതേസമയം, കോഴിക്കോട്-സലാല, കോഴിക്കോട്-അബൂദബി സെക്ടറില്‍ പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്.
സലാലയിലേക്ക് ഒമാന്‍ എയറും അബൂദബിയിലേക്ക് ഇത്തിഹാദുമാണ് പുതിയ സര്‍വിസ് തുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് പുതിയ അഞ്ച് സര്‍വിസുകളാണ് ആരംഭിച്ചത്. ചെന്നൈയിലേക്ക് ആഭ്യന്തര സര്‍വിസും തുടങ്ങിയിരുന്നു. സലാലയിലേക്കുള്ള ഒമാന്‍ എയറിന്റെ പുതിയ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്ദനന് ആദ്യയാത്രക്കാരന് ബോര്‍ഡിങ് പാസ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഒമാന്‍ എയര്‍ റീജനല്‍ വൈസ് പ്രസിഡന്റ് വി.എ. സുനില്‍, ഇന്ത്യയിലെ മാനേജര്‍ ഭാനു ഖാലിയ, കോഴിക്കോട് മാനേജര്‍ കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ സംബന്ധിച്ചു.
രാവിലെ 5.50 ന് സലാലയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം വിമാനം 6.40ന് തിരിച്ചുപോകും. നിലവില്‍ കരിപ്പൂരില്‍ നിന്ന് സലാലയിലേക്ക് ആഴ്ചയില്‍ ഒരു സര്‍വിസ് മാത്രമാണുള്ളത്. വെള്ളിയാഴ്ചകളില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരില്‍ നിന്ന് സര്‍വിസ് നടത്തുന്നത്. ഒമാന്‍ എയര്‍ പുതിയ സര്‍വിസ് ആരംഭിച്ചതോടെ സലാലയിലേക്കും എല്ലാദിവസവും സര്‍വിസായി. ഇത്തിഹാദ് ഏപ്രില്‍ ഒന്നു മുതലാണ് അബൂദബിയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ അബൂദബി-കോഴിക്കോട് സെക്ടറില്‍ ഇത്തിഹാദിന് നാല് സര്‍വിസുകളാകും.
പുതിയ വിമാനം ഉച്ചക്ക് 3.35ന് കരിപ്പൂരിലെത്തി 4.40ന് തിരിച്ചു പുറപ്പെടും. മാര്‍ച്ച് 20ന് ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. അതിന് മുമ്പ് മസ്കത്തിലേക്ക് ഒമാന്‍ എയറും സര്‍വിസ് തുടങ്ങിയിരുന്നു. പുതിയ സമയക്രമത്തില്‍ എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സമയത്തില്‍ കാര്യമായ മാറ്റമില്ല. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസിന്റെ സമയം മാറി. രാവിലെ 9.20ന് എത്തുന്ന വിമാനം 10.20ന് തിരിച്ചുപോകും. മസ്കത്തിലേക്കുള്ള ഒമാന്‍ എയറിന്റെ സയത്തിലും മാറ്റമുണ്ട്.
രാവിലെ നാലിന് മസ്കത്തില് നിന്നെത്തുന്ന ഒമാന്‍ എയര്‍ അഞ്ചിന് തിരിച്ചുപോകും. വൈകീട്ട് 7.10ന് മസ്കത്തില് നിന്നെത്തുന്ന ഒമാന്‍ എയര്‍ എട്ടിന് തിരിച്ചുപോകുന്ന രീതിയില്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. അബൂദബിയിലേക്ക് മൂന്ന് സര്‍വിസുകള്‍ നിലവിലുള്ള ഇത്തിഹാദിന്റെ ഒരു സര്‍വിസില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ സമയം അനുസരിച്ച് രാത്രി 9.10ന് എത്തുന്ന വിമാനം 10.15ന് തിരിച്ചുപോകും.