Home » കലാസാഹിതി » അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ എം എ ബേബി പ്രകാശനം ചെയ്യും

അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ എം എ ബേബി പ്രകാശനം ചെയ്യും

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ മാര്‍ച്ച് 30-ന് വൈകു: 5 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് എം എ ബേബി പ്രകാശനം ചെയ്യും. രണ്ട് വാല്യങ്ങളിലായി ഈ കൃതികള്‍ പ്രസിദ്ധീകരിക്കുന്നത് പ്രോഗ്രസ് പബ്ലിക്കേഷന്‍ ആണ്. 1926- ല്‍ അന്റോണിയോ ഗ്രാംഷിയെ മുസ്സോളനിയുടെ ഫാസിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഓന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം വാല്യത്തില്‍ പൂര്‍ണ്ണമായും ജയില്‍ക്കുറിപ്പുകളാണ്. നീണ്ട ജയില്‍ജീവിത കാലത്ത് റഫന്‍സ് സൗകര്യങ്ങള്‍ പോലുമില്ലാതെ ചരിത്രത്തേയും സംസ്‌കാരത്തേയും സംബന്ധിച്ച ഉജ്ജ്വലമായ വിശകലനങ്ങളാണ് ജയില്‍ കുറിപ്പുകളില്‍. ഹെജിമണി, ഹിസ്റ്റോറിക്കല്‍ ബ്ലോക്ക്, ബുദ്ധിജീവികള്‍, തത്വചിന്ത, പൗരസമൂഹം തുടങ്ങിയ പരികല്‍പനകളിലൂടെ മാര്‍ക്‌സിസത്തെ സമ്പുഷ്ടമാക്കുകയും യാന്ത്രികവും സാമ്പ്രദായികവുമായ രീതിയില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്‌സിസത്തെ കാലത്തോട് സംവദിക്കുന്ന ദര്‍ശനമായി അടയാളപ്പെടുത്തുകയാണ് ഗ്രാംഷി ജയില്‍ക്കുറിപ്പുകളില്‍. ഫാസിസ്റ്റ് തടവറയിലെ കൊടും പീഡനങ്ങള്‍ക്കിടയില്‍ അദ്ദേഹം നോട്ടുപുസ്തകങ്ങളില്‍ എഴുതിവെച്ച ധൈഷണികക്കുറിപ്പുകളാണിവ. ജയില്‍ പീഡനങ്ങളും കൂടെ അസഹ്യമായ രോഗാവസ്ഥയിലും താന്‍ ലക്ഷ്യം വെച്ച ബൗദ്ധികപ്രവര്‍ത്തനം തുടരണമെന്ന നിഷ്ഠ ഗ്രാംഷി പ്രകടിപ്പിച്ചതായി പിന്നീട് പല സുഹൃത്തുക്കളും വെളിവാക്കിയിരുന്നു. കസാരയില്‍ ഇരുന്ന് എഴുതാന്‍ കഴിയാത്തത്‌കൊണ്ട് മേശയിലേക്ക് കൂനിനിന്നാണ് പല ഘട്ടത്തിലും എഴുത്ത് മുന്നോട്ടുകൊണ്ട് പോയത്. 31 നോട്ട് ബുക്കുകള്‍ നിറയെ കുറിപ്പുകളെഴുതി. അവയാണ് പിന്നീട് ലോകത്തിന്റെ ധൈഷണികത ആഴത്തില്‍ പരിഗണിച്ച ‘ജയില്‍ക്കുറിപ്പുകള്‍’ എന്ന പേരില്‍ പ്രസിദ്ധമായത്. പി.ജെ.ബേബിയാണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡോ. കെ. എം. അനില്‍ സംശോധനയും ഗുലാബ്ജാന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. രണ്ടുവാള്യങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ മുഖവില 1700 രൂപയാണ്. പ്രകാശനദിവസം 1100 രൂപയ്ക്ക് പുസ്തകം നല്‍കുമെന്ന് പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 30-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകീട്ട് 4 മണിക്ക് സി.പി.ഐ(എം) പി.ബി അംഗം എം.എ.ബേബി പുസ്തകം കെ.ടി.കുഞ്ഞിക്കണ്ണന് നല്‍കിയാണ് പ്രകാശനം ചെയ്യുക. വിവര്‍ത്തകനെ സി.പി.ഐ(എം) ജില്ലാസെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രാംഷിയുടെ വിചാരലോകം എന്ന സെമിനാറില്‍ പി.കെ.പോക്കര്‍, ടി. വി. മധു, വി. കെ.ജോസഫ്, കെ.എം.അനില്‍, പി.ജെ.ബേബി എന്നിവര്‍ സംസാരിക്കും. പ്രോഗ്രസ് ബുക്‌സും കോഴിക്കോട് സാംസ്‌കാരികവേദിയുമാണ് പരിപാടിയുടെ സംഘാടകര്‍.

Leave a Reply