കേരളത്തില്‍ നിന്നു മൈസൂരുവിലേക്ക് ഒരു മണിക്കൂര്‍ യാത്രാദൈര്‍ഘ്യം കുറയ്ക്കുന്ന പുതിയ റെയില്‍പാതയുടെ റൂട്ട് പരിഗണിക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായത് വടകരയില്‍ നിന്നായിരിക്കുമെന്ന് വിദഗ്ധാഭിപ്രായം. മലബാര്‍ റെയില്‍വേ യൂസേഴ്സ് ഫോറം സെക്രട്ടറിയും കേരള സിവില്‍ എന്‍ജിനീയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ മണലില്‍ മോഹനന് തയാറാക്കി റെയില്‍വേ ഉന്നത അധികാരികള്‍ക്കും റൂട്ടിനെപ്പറ്റി പഠനം നടത്തുന്ന ഡിഎംആര്‍സി ചെയര്മാന് ഇ. ശ്രീധരനും നല്കിയ പദ്ധതിരേഖയിലാണ് ഇതിന്റെ സാധ്യതകള്‍ വെളിപ്പെടുത്തുന്നത്.
തലശേരി- മാനന്തവാടി- ബത്തേരി ലൈന്‍ നിര്‍മിച്ച് നിര്‍ദിഷ്ട നിലമ്പൂര്‍ – നഞ്ചന്‍കോടു(മൈസൂരു) മായി ബന്ധിപ്പിക്കുന്നതിനേക്കാള്‍ ലാഭകരമായിരിക്കും വടകരയില്‍ നിന്നുള്ള റൂട്ട്. റെയില്‍വേ ലാഭകരമാകില്ലെന്ന് മുന്‍കൂട്ടി പറഞ്ഞ 224 കി.മീ ദൂരമുള്ള ഈ പാതയ്ക്ക് നാലായിരം കോടിയോളം ചെലവു വരും. കൂടാതെ ദേശീയ ടൈഗര്‍ പാര്‍ക്കായ ബന്ദിപ്പൂരില്‍ 22 കി.മീ മുറിച്ചു കടക്കേണ്ടിയും വരും. മറ്റൊരു റൂട്ട് തലശേരി- കണ്ണൂരില്‍ നിന്ന് മാനന്തവാടി- ഹുസൂര്‍ വഴി മൈസൂരുവിലെത്താമെന്നതാണ്. ഇതിന് 140 കി.മീ ട്രാക്ക് വേണ്ടി വരും. തലശേരി സ്റ്റേഷന് നഗര മധ്യത്തിലായതും ആവശ്യത്തിന് ഭൂമിയില്ലാത്തതിനും പുറമെ കൂടുതല്‍ പാലം വേണ്ടി വരുന്നതും പദ്ധതിക്ക് പരിഗണിക്കാന്‍ സാധ്യത കുറയ്ക്കും.
എന്നാല്‍, വടകരയില്‍ നിന്ന് മൈസൂരു – നഞ്ചന്‍കോട് റെയില്പാതയിലെത്താന് 132 കി.മീ ദൂരമേയുള്ളൂ. റിസര്‍വ് ഫോറസ്റ്റ് എട്ടു കി.മീ മാത്രം താണ്ടി പരിസ്ഥിതി സൗഹൃദമായ റെയില്‍പാതയായി മാറാന്‍ വടകരയില്‍ നിന്നു തുടങ്ങുന്നതായിരിക്കും ഉത്തമമെന്ന് മോഹനന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വടകര സ്റ്റേഷന്റെ ഇരു ഭാഗവും ആറ് ഏക്കറോളം റെയില്‍വേ ഭൂമിയുള്ളതു കൊണ്ട് ട്രാക്കിടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ചോറോട് വഴി വിലങ്ങാട്- കുഞ്ഞോം- മാനന്തവാടി വഴി മൈസൂരുവിലേക്കുള്ള ഈ പാതയെപ്പറ്റി ഉടന്‍ പഠനം നടത്തി വസ്തുതകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.