Home » ഇൻ ഫോക്കസ് » തോമസ് ചാണ്ടി മന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ

തോമസ് ചാണ്ടി മന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ

എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു.നാളെ വൈകിട്ട് നാലു മണിക്കു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നു ചേർന്ന അടിയന്തര എൽഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്. സംഭവത്തിൽ നടക്കുന്ന ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകട്ടെ എന്നാണ് എൽഡിഎഫ് നിലപാട്. സഭയിൽ എൻസിപിക്ക് രണ്ട് എംഎൽഎമാരാണ് ഉള്ളത്.

ചാനലിന്റെ ഖേദപ്രകടനം നടന്ന സാഹചര്യത്തിൽ മുൻതീരുമാനം വീണ്ടും ചർച്ച ചെയ്യുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാർട്ടിയുടെ മുൻനിലപാട് അനുസരിച്ചാണു മുഖ്യമന്ത്രിയെ കണ്ടത്. പുതിയ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന കാര്യം ചർച്ച ചെയ്തു. ചാനൽ ഖേദം പ്രകടിപ്പിച്ചതിലൂടെ ധാർമികമായി ശശീന്ദ്രൻ രാജിവച്ചത് ജയിച്ചു. അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു തിരികെയെത്തിക്കുമെന്നാണു പാർട്ടിയുടെ നിലപാട്. ഇതിൽ ഉറച്ചു നിൽക്കുന്നു. നിലവിൽ പ്രഖ്യാപിച്ച അന്വേഷണങ്ങൾ നടക്കട്ടെയെന്നുമാണ് ഉഴവൂർ വിജയൻ പറഞ്ഞത്.

കുരിശിൽ തറയ്ക്കപ്പെട്ട യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റപോലെ നാലാം ദിവസം ശശീന്ദ്രൻ ഉയർത്തെഴുന്നേറ്റുവെന്നാണ് ഉഴവൂർ വിജയൻ പുതിയ സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്. ചാനലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജിവച്ച എ.കെ. ശശീന്ദ്രൻ എംഎൽഎയെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ സാഹചര്യം ഉടലെടുത്തത്. എൻസിപി കേന്ദ്ര നേതൃത്വം തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എൻസിപി നേതാവ് ഉഴവൂർ വിജയൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂർവം കുടുക്കിയതെന്നു സമ്മതിച്ച് സ്വകാര്യ ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

Leave a Reply