Home » നമ്മുടെ കോഴിക്കോട് » കാത്തിരിപ്പിന് വിരാമം: കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറുന്നു;

കാത്തിരിപ്പിന് വിരാമം: കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറുന്നു;

എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ മാവൂര്‍ റോഡിലെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറുന്നു. ഇതിനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. വിഷുവോടെ ഇപ്പോള്‍ പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ പുതിയ കെട്ടിടത്തിലക്ക് മാറ്റുമെന്ന് കെ.ടി.ഡി.എഫ്.സി അധികൃതര്‍ അറിയിച്ചു.

24 ലക്ഷം രൂപ ചെലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കില്‍ ഓഫിസുകള്‍ ഒരുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫിസ്, റിസര്‍വേഷന്‍ ഓഫിസ്, വിജിലന്‍സ് ഓഫിസ്, പാവങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ഡി.ടി.ഒ ഓഫിസ്, ടിക്കറ്റ് ആന്‍ഡ് കലക്ഷന്‍ ഓഫിസ് എന്നിവയടക്കം എല്ലാ ഓഫിസുകളും അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറും. ഇതിന് പുറമെ, അത്യാവശ്യ പ്രവൃത്തികള്‍ക്കുള്ള വര്‍ക്ഷോപ്പും ഇവിടെ പ്രവര്‍ത്തിക്കും. കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി കെ.ടി.എഫ്.സി അധികൃതര്‍, കെ.എസ്.ആര്‍.ടി.സി മേധാവികള്‍, യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു മാസം മുമ്പ് പ്രവൃത്തിയാരംഭിച്ചത്.

2009ല്‍ കെ.എസ്.ആര്‍.ടി.സി കെട്ടിടം പുനര്‍നിര്‍മാണത്തിനുവേണ്ടി പൊളിച്ചതിനെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം താല്‍ക്കാലിക തകരക്കൂട്ടിലായിരുന്നു കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2015 ജൂണില്‍ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്‌തെങ്കിലും ഓഫിസുകള്‍ ഇവിടേക്ക് മാറ്റിയിരുന്നില്ല. ഇത് കാരണം, ജീവനക്കാര്‍ക്ക് താമസസൗകര്യം
പോലുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. കലക്ഷന്‍ നല്‍കേണ്ട ബസുകള്‍ പാവങ്ങാേട്ടക്ക് 16 കി.മീറ്റേറാളം ഓടേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഓഫിസുകള്‍ക്ക് വാടകയിനത്തിലും വന്‍ നഷ്ടം തുടരവെയാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ വൈദ്യുതി, വെള്ളം സൗകര്യങ്ങള്‍ ലഭിക്കണമെങ്കില്‍ കെട്ടിടത്തിന് കോര്‍പറേഷന്‍ നമ്പര്‍ ലഭിക്കണം. നമ്പര്‍ ലഭിക്കാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ നിരാക്ഷേപ പത്രവും ലഭിക്കണം. എന്നാല്‍, ഇതനുസരിച്ചുള്ള പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സ് ടെന്‍ഡര്‍ കൈമാറ്റം നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കെയാണ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയായിരിക്കുന്നത്.

Leave a Reply