Home » നമ്മുടെ കോഴിക്കോട് » കിഴക്കേനടക്കാവില്‍ 20 ലക്ഷം രൂപാ ചിലവില്‍ കുട്ടികളുടെ സ്‌പോര്‍ട്‌സ് പാര്‍ക്ക്

കിഴക്കേനടക്കാവില്‍ 20 ലക്ഷം രൂപാ ചിലവില്‍ കുട്ടികളുടെ സ്‌പോര്‍ട്‌സ് പാര്‍ക്ക്

കിഴക്കെനടക്കാവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വക നീന്തല്‍ക്കുളത്തിനു സമീപം കുട്ടികള്‍ക്കായി സ്പോര്‍ട്സ് പാര്‍ക്ക് വരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ ആര്‍ക്കിടെക്ട് വിനോദ്സിറിയക്കിന്റെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്പോര്‍ട്സ് പാര്‍ക്കിന്റെ പദ്ധതിക്ക് പച്ചകൊടി കാണിച്ചത്.

പദ്ധതിപ്രകാരം 8-നും 10 വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ 6 പോസ്റ്റുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ ഇതേ പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് ഗോളടിച്ച് പരിശീലിക്കാന്‍ ചെറിയ ഗോള്‍പോസ്റ്റും ഒരുക്കും. 8 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് നീന്തിക്കളിക്കാന്‍ ചെറിയ നീന്തല്‍പ്പൊയ്കയും നിര്‍മിക്കും. ഡയറക്ടര്‍ ഓഫ് സ്പോര്‍ട്സ് യൂത്ത് അഫയേഴ്സ് ഫണ്ട് പ്രകാരം മറ്റു വികസനപ്രവര്‍ത്തനങ്ങളും സ്പോര്‍ട്സ് കൗണ്‍സില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് പ്രകാരം കിഴക്കെനടക്കാവ് നീന്തല്‍ക്കുളത്ത് തന്നെ ഹെല്‍ത്ത് ക്ലബ്ബ് സ്ഥാപിക്കും. 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക.

ആധുനിക ഹെല്‍ത്ത് ഉപകരണങ്ങള്‍, ജിം എന്നിവയുണ്ടായിരിക്കും. ഇതിന്റെ നിര്‍മാണം ഏപ്രില്‍ ആദ്യവാരം ആരംഭിക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചില വികസനപ്രവര്‍ത്തനങ്ങളും തീരുമാനിച്ചിട്ടുണ്ട്. അവിടുത്തെ ടേബിള്‍ടെന്നീസ് റും നവീകരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തില്‍നിന്ന് നോക്കിയാല്‍ ടേബിള്‍ടെന്നീസ് റും കാണാനുതകുന്ന തരത്തില്‍ മുറിയുടെ ചുമര്‍ ഗ്ലാസാക്കി മാറ്റും. പുതുതായി നാല് ടേബിളുകള്‍ സ്ഥാപിക്കും. കളിക്കാര്‍ക്ക് ഡ്രസ്സിങ് മുറി സന്ദര്‍ശന മുറി എന്നിവയും നിര്‍മിക്കും. അവിടെത്തന്നെ കളിക്കാര്‍ക്ക് ഉപയോഗിക്കാവുന്നതരത്തില്‍ ഹെല്‍ത്ത് ക്ലബ്ബ് എന്ന പദ്ധതിയുമുണ്ട്. ആധുനിക ഉപകരണങ്ങള്‍ ഇവിടെയുമുണ്ടാകും.

മാനാഞ്ചിറ മൈതാനത്ത് കമ്യൂണിറ്റി സ്പോര്‍ട്സ് ഡിവിഷന്‍ എന്നതാണ് മറ്റൊരു പദ്ധതി. ഇതിനായി 60 ലക്ഷം രൂപ ഡയറക്ടര്‍ ഓഫ് സ്പോര്‍ട്സ് യൂത്ത് അഫയേഴ്സ് അനുവദിച്ചിട്ടുണ്ട്. മൈതാനിയിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നവീകരണവും പരിഗണനയിലുണ്ട്. മഴകൊള്ളാതെ മുകളില്‍ മറവ് സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഡോര്‍സ്റ്റേഡിയത്തിലെ രണ്ട് താമസ മുറികള്‍ നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുറികള്‍ എയര്‍ കണ്ടീഷിന്‍ ചെയ്യും. കോണ്‍ഫറന്‍സ് ഹാളുകള്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി ഹാളുകള്‍ക്ക് ചുറ്റും കായികതാരങ്ങളുടെ ഫോട്ടോ പതിപ്പിക്കും. ഒരു ഹാളിന്റെ പ്രവേശനവാതിലില്‍ ജിമ്മിജോര്‍ജിന്റെയും അടുത്തഹാളിന്റെ പ്രവേശനവാതിലില്‍ വി.പി. സത്യന്റെയും ഫോട്ടോപതിപ്പിക്കും. സ്റ്റേഡിയത്തിനകത്ത് ഒളംപ്യന്‍ റഹ്മാന്റെ ഫോട്ടോയുമുണ്ടാകും.

Leave a Reply