നെഹ്റു കോളെജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. കോളെജിലെ പരീക്ഷ മാറ്റിവെയ്ക്കാന്‍ സംഘടിക്കണമെന്ന് ആവശ്യപ്പെട്ടുളള ജിഷ്ണുവിന്റെ സന്ദേശങ്ങളാണ് പുറത്തുവന്നത്.
ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പൊലീസ് ഇതെല്ലാം വീണ്ടെടുത്തത്. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് മാനെജ്മെന്റിന് ജിഷ്ണു അനഭിമതനാകാന്‍ കാരണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. പഠിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയി വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൂടാതെ സാങ്കേതിക സര്‍വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയക്കാനും വിദ്യാര്‍ത്ഥികളോട് ജിഷ്ണു വാട്സാപ്പ് സന്ദേശങ്ങളില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കും ജിഷ്ണു പ്രണോയ് വാട്സാപ്പില്‍ പരാതികള്‍ അയച്ചിരുന്നു. ഇത് മാനെജ്മെന്റിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും.
നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസിന് പുറമെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന് പ്രവീണ്‍,വിപിന്‍ പിആര്‍ഒ സജിത്ത് എന്നിവരാണ് ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍. പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് അധ്യാപകര്‍ക്കെതിരെ കുറ്റപത്രത്തിലുളളത്. കോപ്പിയടിക്കാത്ത വിദ്യാര്‍ത്ഥിയെ ഗൂഢാലോചന നടത്തി കുറ്റക്കാരനാക്കി.
വൈസ് പ്രിന്‍സിപ്പലും അധ്യാപകനായ പ്രവീണുമാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോളേജില്‍ ഹാജരാക്കിയ ജിഷ്ണുവിന്റെ മാപ്പപേക്ഷ വ്യാജമാണ്. ജിഷ്ണുവിനെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍ രണ്ടുപ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മറ്റുപ്രതികളെ കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.