Home » നമ്മുടെ കോഴിക്കോട് » ‘കോഴിക്കോടന്‍ ക്യാംപസുകള്‍’ പദ്ധതിയുമായി ജില്ലാഭരണകൂടം

‘കോഴിക്കോടന്‍ ക്യാംപസുകള്‍’ പദ്ധതിയുമായി ജില്ലാഭരണകൂടം

കലാലയങ്ങളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കായി ‘കോഴിക്കോടന്‍ ക്യാംപസുകള്‍’ എന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികളുടെ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉപയോഗപ്പെടുത്തി സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ജില്ലയിലെ നൂറിലധികം കോളജുകളിലെയും ഇരുനൂറിലധികം വരുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയുടെ ഭാഗമാണ് കോഴിക്കോടന്‍ ക്യാംപസുകള്‍.

ഒരു അധ്യയന വര്‍ഷത്തില്‍ നൂറു മണിക്കൂറെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ തയാറുള്ള വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ പദ്ധതിയുടെ ഭാഗമാകാം. വിദ്യാര്‍ഥികളുടെ സേവനം മൂന്നു മേഖലകളിലാണ് ഉപയോഗപ്പെടുത്തുക.

* ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള ഒപ്പത്തിനൊപ്പം പദ്ധതിയും കിടപ്പിലായവര്‍ക്കുള്ള സംവേദനം പദ്ധതിയും.

* കുടിവെള്ളം സംബന്ധിച്ച പദ്ധതികള്‍ (ജലവിനിയോഗ ബോധവല്‍ക്കരണം, ശുദ്ധജല സ്രോതസ്സുകളുടെ മാപ്പിങ്, വൃത്തിയാക്കല്‍, പരിപാലനം).

* മാലിന്യ സംസ്‌കരണം സംബന്ധിച്ച പദ്ധതികള്‍ (ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണ പദ്ധതികളില്‍ പങ്കാളിത്തം).

പദ്ധതിയില്‍ ചേരുന്നതിന് സ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള റജിസ്‌ട്രേഷന്‍ 30 വരെയാണ്. ഒരു സ്ഥാപനത്തില്‍ നിന്ന് 50 മുതല്‍ 100 വരെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും റജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് പരിശീലനവും നല്‍കും. ജില്ലാതല കൂട്ടായ്മ കലക്ടര്‍ ചെയര്‍മാനായുള്ള ഏകോപന സമിതിക്കായിരിക്കും.

പദ്ധതിയോട് സഹകരിക്കുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും പരിശീലകര്‍ക്ക് പരിശീലക സര്‍ട്ടിഫിക്കറ്റും നല്‍കും. മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ട്രോഫിയുമുണ്ടാകും.

Leave a Reply