ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്ക്കനസരിച്ച് പെട്രോള്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്തും ഉടന്‍ നടപ്പിലാകും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാജ്യത്തെ ഓയില്‍ കമ്പനികള്‍ പരിശോധിച്ചുവരികയാണ്. പ്രധാന ആഗോള വിപണികളിലെല്ലാം തന്നെ പെട്രോള്‍ വില ദിനംപ്രതി പരിഷ്കരിക്കുന്ന രീതിയാണ് നിലവിലുള്ളത്.
അതേസമയം, രാജ്യത്ത് നിലവില്‍ രണ്ടാഴ്ചകൂടുമ്പോഴാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്കരിക്കുന്നത്. രാജ്യത്തെ റീട്ടെയില്‍ എണ്ണവിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ് 95 ശതമാനം വിഹിതവും.
53,000ത്തോളംവരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഓട്ടോമേഷന്‍ സൗകര്യമുണ്ട്. ഈ സാഹചര്യത്തില്‍ ദിനംപ്രതി വില നിശ്ചയിക്കുന്നതിന് തടസ്സമില്ലെന്നാണ് ഓയില്‍ കമ്പനികളുടെ വിലയിരുത്തല്‍.