Home » നമ്മുടെ കോഴിക്കോട് » മുക്കം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി

മുക്കം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുക്കം ഫയര്‍‌സ്റ്റേഷന് സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം പൂവണിയുന്നു. അഗസ്ത്യന്‍ മുഴിയില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാകും.
67 സെന്റ് സ്ഥലത്ത് മൂന്നരക്കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് പുതിയകെട്ടിടം.സേനയുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനായി നാല് ഗാരേജുകള്‍, മൂന്ന് റെസ്റ്റ് റൂമുകള്‍, രണ്ട് ഓഫിസ് റൂമുകള്‍, റീഡിങ് റൂം, റെക്കോഡ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
1999 ഒക്ടോബര്‍ 18ന് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മുക്കം അഗ്‌നിശമനാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. മലയോരപ്രദേശങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ കോഴിക്കോട്ടുനിന്നും അഗ്‌നിശമന സേന എത്തുമ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ടാകും. ഈ സ്ഥിതി കണക്കിലെടുത്താണ് അന്ന് മുക്കത്ത് പുതിയ യൂനിറ്റ് അനുവദിച്ചത്.
തുടക്കം മുതല്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിശമനസേന എന്നും പരാധീനതകള്‍ക്ക് നടുവിലായിരുന്നു. ആവശ്യത്തിന് ജീവനക്കാരോ സുരക്ഷ ഉപകരണങ്ങളോ ഇല്ല. മഴക്കാലമായാല്‍ പുഴവെള്ളം നിറഞ്ഞ് കെട്ടിടം വെള്ളത്തിനടിയിലാകും. ജീവനക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനോ അവര്‍ക്ക് വിശ്രമിക്കാനോ സ്ഥലമില്ല. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഈ പരാധീനതകളോട് വിടപറയാമെന്ന ആശ്വാസത്തിലാണ് അഗ്‌നിശമനസേന ജീവനക്കാര്‍.

Leave a Reply