ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചുദിവസമായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണു കേസിലെ മൂന്നാം പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിരാഹാരത്തിന് അവസാനമാകുന്നത്. അറസ്റ്റിന് പിന്നാലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ. കെ.വി സോഹന്‍ എന്നിവര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുളള ധാരണയായത്. മഹിജയെ ഇനി കാണില്ലെന്ന് നേരത്തെ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഉറപ്പ് നല്‍കുകയും ചെയ്തു. മഹിജയ്ക്കെതിരായ പൊലീസ് നടപടിയില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് മഹിജയ്ക്ക് ഉറപ്പ് നല്‍കിയത്.
മൂന്നാംപ്രതി ശക്തിവേലിന് പിന്നാലെ മറ്റു പ്രതികളെ ഉടന്‍ പിടികൂടാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ജിഷ്ണുവിന്റെ കുടുംബം അത് അംഗീകരിച്ചതായും ഉദയഭാനു അറിയിച്ചു. സമരം അവസാനിപ്പിച്ചതായുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിരാഹാരത്തിലാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും. സഹോദരി അവിഷ്ണയാകട്ടെ വളയത്തെ വീട്ടില്‍ നിരാഹാരത്തിലാണ്.
മൂന്നാം പ്രതി ശക്തിവേലിനെ അറസ്റ്റ് ചെയ്തതോടെ ജിഷ്ണുവിന്റെ അമ്മയും സഹോദരിയും അടക്കമുളളവരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായി നടന്നിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മഹിജയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. കൂടാതെ സര്‍ക്കാര്‍ ഭാഗത്തുനിന്നും സമരം അവസാനിപ്പിക്കാനുളള ചര്‍ച്ചയും നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മധ്യസ്ഥത വഹിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് കാനം ആശുപത്രിയിലെത്തി മഹിജയുമായി സംസാരിച്ചിതും.