വലിയ വിജയം നേടിയ ദംഗലിന് ശേഷമുള്ള ആമിര്ഖാന് ചിത്രം, ഏറെക്കാലമായി രജനി ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍ ചിത്രം 2.0 ഇവ ഒരേ ദിവസം തീയറ്ററുകളിലെത്തുകയാണ്. ആമിര്‍ഖാന്റെ മാനേജര്‍ കൂടിയായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ട് സൂപ്പര്സ്റ്റാണാണ് തീയറ്ററുകളില്‍ ഷങ്കര്‍-രജനി ടീമിന്റെ 2.0യുമായി കൊമ്പുകോര്‍ക്കാന്‍ എത്തുന്നത്. കഴിഞ്ഞ നവംബര്‍ 20നുതന്നെ ഷങ്കര്‍ തന്റെ ചിത്രം ദീപാവലിക്കാണ് തീയറ്ററുകളിലെത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആമിര്‍ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ റിലീസ്തീയതി ഇന്നാണ് പുറത്തെത്തിയത്. ഒക്ടോബര്‍ 18നാണ് ഈ വര്‍ഷത്തെ ദീപാവലി.
ഈ വര്‍ഷം കോളിവുഡില്‍ നിന്ന് ഏറ്റവുമുയര്‍ന്ന പ്രതീക്ഷാഭാരവുമായെത്തുന്ന ചിത്രമാണ് രജനിയും ഷങ്കറും ഒന്നിക്കുന്ന ‘എന്തിരന്റെ’ രണ്ടാംഭാഹം 2.0. പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന പ്രോജക്ട് എന്തിരന്റെ ആദ്യഭാഗത്തേക്കാള് ദൃശ്യസമ്പന്നമായാണ് ഷങ്കര്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോകോത്തര സാങ്കേതികവിദഗ്ധരെയാണ് ഷങ്കര്‍ പ്രോജക്ടുമായി സഹകരിപ്പിച്ചിരിക്കുന്നത്. അയണ്മാന്, അവഞ്ചേഴ്സ് പോലുള്ള ഹോളിവുഡ് ചിത്രങ്ങള്‍ക്കായി റോബോട്ടുകളെ നിര്‍മ്മിച്ച സ്ഥാപനം ലെഗസി ഇഫക്ട്സ് 2.0യുമായി സഹകരിച്ചിട്ടുണ്ട്. ട്രാന്‍സ്ഫോമേഴ്സിലെ തീപാറുന്ന സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച കെന്നി ബേറ്റ്സാണ് 2.0യിലെ സംഘട്ടന രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള വിഎഫ്എക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് ‘തൗ ഫിലിംസി’ന്റെ വാള്‍ട്ട് ജോണ്‍സും ജോണ്‍ ഹ്യൂഗ്സുമാണ്.
ആമിര്ഖാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘സീക്രട്ട് സൂപ്പര്‍സ്റ്റാറി’ല്‍ പക്ഷേ ആമിറല്ല നായകന്. മറിച്ച് ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പം അവതരിപ്പിച്ച സൈറാ വസീമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. ലോകമറിയുന്ന ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് സൈറയുടെ കഥാപാത്രം. പക്ഷേ മകള്‍ അവളുടെ ആഗ്രഹത്തിന് പിന്നാലെ പോകുന്നതിനെ എതിര്‍ക്കുകയാണ് അച്ഛന്. തുടര്‍ന്ന് ഒരു ബുര്‍ഖയണിഞ്ഞ് ഇന്റര്‍നെറ്റിലൂടെ തന്റെ ഗാനങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് പെണ്‍കുട്ടി. ഒരു സംഗീതസംവിധായകന്റെ റോളിലാണ് ആമിര്‍ ചിത്രത്തില്‍ എത്തുന്നത്. നായകനല്ലെങ്കിലും അതിഥിതാരവുമല്ല ചിത്രത്തിലെ ആമിറിന്റെ കഥാപാത്രം. അടുത്തടുത്ത ചിത്രങ്ങളില്‍ ആമിര്‍ ഒരേ അഭിനേത്രിയെ കാസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. 5,000 പെണ്‍കുട്ടികള്‍ക്ക് ഓഡിഷന് നടത്തിയതിന് ശേഷമാണ് സൈറയെ സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ പ്രധാന കഥാപാത്രമാവാന്‍ തെരഞ്ഞെടുത്തത്.