ഉപതിരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളേറ്റെടുത്തെന്ന സൂചന നല്കി മലപ്പുറത്ത് മികച്ച പോളിങ് ആദ്യമണിക്കൂറുകളില്‍ തന്നെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തനായി പോളിങ് ബൂത്തിലേക്കെത്തുന്ന കാഴ്ചയാണ് മലപ്പുറത്ത് ഇപ്പോള്‍ കാണുന്നത്. പത്ത് മണിയോടെ മലപ്പുറത്തെ ഏഴ് നിയോജകമണ്ഡലങ്ങളിലും പോളിംഗ് 20 ശതമാനം കടന്നു.
മഞ്ചേരി നിയോജകമണ്ഡലത്തിലെ 25 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. മഞ്ചേരി കഴിഞ്ഞാല്‍ വള്ളിക്കുന്നിലാണ് 23.5 കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോലിക്ക് പോകാനുള്ളതിനാല്‍ രാവിലെ പുരുഷന്മാരാണ് കൂടുതലായി പോളിംഗ് ബൂത്തിലെത്തിയത്. വേനല്‍ക്കാലമായതിനാല്‍ ഇനി ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടുതല്‍ പേര് വോട്ടിംഗിനെത്തുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97 -ാം നമ്പര്‍ ബൂത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും രാവിലെ തന്നെ വോട്ടു ചെയ്തു. മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും വോട്ട് രേഖപ്പെടുത്തി.
ബിജെപി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎം എല്‍പി സ്കൂളിലും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിംഗ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അന്തിമ തീരുമാനം ജനങ്ങളുടേതാണെന്നും ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമെ ഉണ്ടാകുകയുള്ളുവെന്ന് സിപിഎം നേതാവ് ടികെ ഹംസ പ്രതികരിച്ചു.