മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്4 നിലവാരം നിര്‍ബന്ധമാക്കിയതോടെ വന്‍ നഷ്ടമാണ് വാഹന നിര്മാതാക്കള്ക്കുണ്ടായിട്ടുള്ളത്. സുപ്രീംകോടതി വിധി വന്നശേഷം ആകര്‍ഷിപ്പിക്കുന്ന ഓഫറുകള്‍ നല്കി പരമാവധി സ്റ്റോക്ക് വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇരുചക്ര വാഹന വാണിജ്യ മേഖലയില്‍ ഏകേദശം ആറ് ലക്ഷത്തിലേറെ വാഹനങ്ങളാണ് അവസാന രണ്ട് ദിവസം (മാര്‍ച്ച് 30,31) വിറ്റുപോയത്. എന്നാല്‍ 1.41 ലക്ഷം ബിഎസ്3 വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കാന്‍ കഴിയാതെ നിര്‍മാതാക്കളുടെ കൈവശം ബാക്കിയുണ്ടെന്നാണ് എസ്ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബാക്കിയുള്ള മൊത്തം സ്റ്റോക്ക് കണക്കാക്കിയാല്‍ ഏകദേശം 5,633 കോടിയുടെ നഷ്ടമാണ് ബിഎസ്3 നിരോധനം മൂലമുണ്ടായത്. ബാക്കി വന്നവയില്‍ അധികവും ഇരുചക്ര വാഹനങ്ങളാണ് (78,638 യൂണിറ്റ). 43,826 വാണിജ്യ വാഹനങ്ങളും 18936 മുചക്ര വാഹനങ്ങളും അവശേഷിക്കുന്ന ബിഎസ്3 ലിസ്റ്റില്‍പ്പെടും. ടാറ്റ,
മഹീന്ദ്ര, അശോക് ലെയ്ലാന്റ് തുടങ്ങി മുന്‍നിര വാണിജ്യവാഹന നിര്‍മാതാക്കള്‍ക്ക് മാത്രം എകദേശം 300കോടി രൂപയുടെ നഷ്ടം നേരിടും.
നിലവില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ നിര്‍മാതാക്കള്‍ക്ക് മുന്നിലുള്ളതിനാല്‍ നഷ്ടം വലിയ തോതില്‍ വാഹനമേഖലയെ ബാധിക്കില്ല. ബാക്കി വന്ന ബിഎസ്3 വാഹനങ്ങള്‍ ഇതേ നിലവാരം അനുവര്‍ത്തിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് കമ്പനിക്കള്‍ക്ക് കയറ്റി അയക്കാം. അതുമല്ലെങ്കില്‍ എഞ്ചിന് ബിഎസ് 4 നിലവാരത്തിലേക്ക് പരിഷ്കരിക്കാം, എന്നാല്‍ നിലവാരം ഉയര്‍ത്തല്‍ വലിയ ചിലവ് വരുന്ന കാര്യമായതിനാല്‍ നിര്‍മാതാക്കള്‍ ഇതിനു മുതിരാന്‍ സാധ്യതയില്ല.